Quantcast

ഉദ്യോഗാര്‍ഥി ജോലി വേണ്ടെന്ന് പറഞ്ഞു; ഞെട്ടിച്ച് റിക്രൂട്ടറുടെ മറുപടി!

റെഡ്ഡിറ്റിൽ പങ്കുവെക്കപ്പെട്ട ഒരു ഇമെയിൽ സ്‌ക്രീൻഷോട്ടാണ് ചർച്ചകൾക്ക് തുടക്കമിട്ടത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-04-23 14:50:10.0

Published:

23 April 2026 8:18 PM IST

ഉദ്യോഗാര്‍ഥി ജോലി വേണ്ടെന്ന് പറഞ്ഞു; ഞെട്ടിച്ച് റിക്രൂട്ടറുടെ മറുപടി!
X

ഡൽഹി: ചിലരെ സംബന്ധിച്ചിടത്തോളം നൂറ് അപേക്ഷകൾ അയച്ചാലായിരിക്കും ഒരു ഇന്‍റര്‍വ്യൂവിനെങ്കിലും വിളിക്കുന്നതും ജോലി കിട്ടുന്നതും. തൊഴിൽരഹിതരായ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഭിമുഖങ്ങൾക്ക് ശേഷം കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിശബ്ദതയും വൈകിയുള്ള മറുപടികളും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, തനിക്ക് ലഭിച്ച ഓഫർ മാന്യമായി നിരസിച്ച ഒരു ഉദ്യോഗാർഥിക്ക് നേരിടേണ്ടി വന്നത് തികച്ചും അപ്രതീക്ഷിതമായ അനുഭവമാണ്.

റെഡ്ഡിറ്റിൽ പങ്കുവെക്കപ്പെട്ട ഒരു ഇമെയിൽ സ്‌ക്രീൻഷോട്ടാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. തനിക്ക് ലഭിച്ച ജോലി ഓഫർ സ്വീകരിക്കുന്നില്ലെന്ന് വളരെ ലളിതവും മാന്യവുമായ ഭാഷയിൽ ഉദ്യോഗാർഥി റിക്രൂട്ടറെ അറിയിച്ചു. കമ്പനിയുടെ സമയത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ആ മെയിൽ. സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ 'നല്ലൊരു ഭാവിയുണ്ടാകട്ടെ' എന്നാശംസിക്കാറാണ് പതിവെങ്കിലും, ഇവിടെ റിക്രൂട്ടർ പ്രതികരിച്ചത് വളരെ മോശമായ രീതിയിലായിരുന്നു. ഉദ്യോഗാർഥി കമ്പനിയുടെ സമയം പാഴാക്കിയെന്നും ഇത്തരം സമീപനം പ്രൊഫഷണലല്ലെന്നും ആരോപിച്ചുകൊണ്ടായിരുന്നു മറുപടി.

"ഈ തസ്തികയിലേക്ക് എനിക്ക് അവസരം നൽകിയതിനും, ഈ ജോലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സമയം കണ്ടെത്തിയതിനും ഞാൻ നിങ്ങളോട് ആത്മാർഥമായി നന്ദി പറയുന്നു. എന്നാൽ, കൂടുതൽ ആലോചനകൾക്ക് ശേഷം, ഈ സ്ഥാനത്തേക്ക് തുടർന്ന് അപേക്ഷിക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത തസ്തികയിലേക്ക് പരിഗണിച്ചതിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എല്ലാവിധ വിജയങ്ങളും നേരുന്നു''. എന്നാൽ "നിങ്ങളുടെ സമയം പാഴാക്കിയതിൽ നന്ദി. ഇത്തരം നിരുത്തരവാദപരമായ സമീപനം നിങ്ങളുടെ കരിയറിനെ ബാധിക്കും" എന്നാണ് കമ്പനി മറുപടി മെയിൽ അയച്ചത്.

പോസ്റ്റിന് പിന്നാലെ സോഷ്യൽമീഡിയയിൽ രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. കമ്പനികൾ ഉദ്യോഗാർഥികളെ മാസങ്ങളോളം കാത്തിരിപ്പിക്കുകയും മറുപടി നൽകാതിരിക്കുകയും ചെയ്യുമ്പോൾ അതിനെക്കുറിച്ച് ആരും സംസാരിക്കാറില്ല. എന്നാൽ ഒരു ഉദ്യോഗാർഥി മുൻകൂട്ടി കാര്യങ്ങൾ അറിയിക്കുമ്പോൾ അതിനെ അധിക്ഷേപിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. ഒരു ജോലി നിരസിക്കാനുള്ള അവകാശം ഏതൊരു ഉദ്യോഗാർഥിക്കുമുണ്ട്. അത് മാന്യമായി അറിയിച്ചിട്ടും ഇത്തരത്തിൽ മോശമായി പ്രതികരിക്കുന്നത് പ്രൊഫഷണലിസമല്ലെന്ന് ഇവർ വാദിക്കുന്നു. പല കമ്പനികളും റിജക്ഷൻ മെയിലുകൾ പോലും അയക്കാറില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി. എന്നാൽ അവസാന നിമിഷം ഓഫറുകൾ നിരസിക്കുന്നത് കമ്പനിയുടെ സമയത്തെയും അധ്വാനത്തെയും ബാധിക്കുമെന്ന് മറ്റൊരു കൂട്ടരുടെ പക്ഷം.

TAGS :

Next Story