'വാങ്ങാനുള്ള പണമില്ല'; നാല് ലക്ഷംകൊണ്ട് ലംബോര്‍ഗിനി നിർമിക്കാൻ യുവാവ് ചെയ്തത്..
ലംബോര്‍ഗിനി സ്വന്തമാക്കണമെന്ന അതിയായ ആഗ്രഹം ചെറുപ്രായത്തിലേ ഉണ്ടായിരുന്നെങ്കിലും സാമ്പത്തികഭദ്രതയില്ലാത്തത് കാരണം മോഹം ഉപേക്ഷിക്കുകയായിരുന്നു

- Published:
5 March 2026 5:34 PM IST

റാഞ്ചി: ജീവിതത്തില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ പ്രതിഭയോടൊപ്പം നിശ്ചയദാര്‍ഢ്യവും ശുഭാപ്തിവിശ്വാസവും അനിവാര്യഘടകമാണെന്ന് ചെറുപ്രായത്തിലേ കേട്ടുവളര്‍ന്നവരായിരിക്കും അധികപേരും. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി നേരിടേണ്ടിവന്ന തിരിച്ചടികളെ തകര്‍ച്ചയിലേക്കുള്ള പടിവാതിലായി കണക്കാക്കുന്നതിന് പകരം മികവാര്‍ന്ന വിജയങ്ങളിലേക്കുള്ള ഇന്ധനങ്ങളായി കണക്കാക്കണമെന്നതും കേട്ടുശീലിച്ച ബാലപാഠം. മുന്നോട്ടുള്ള പാതകളില്‍ ഈ പാഠങ്ങളെ ചേര്‍ത്തുവെക്കുന്നതിലൂടെ മാത്രമാണ് വിജയം കൈവരിക്കാനാകുകയെന്നാണ് മുന്‍ഗാമികളുടെയും ഉപദേശം.
ഇത്തരത്തില്‍, പ്രതിഭയെ പാഷനുമായും നിശ്ചയദാര്‍ഢ്യവുമായും കൂട്ടിയിണക്കി പുതിയൊരു കണ്ടുപിടിത്തം നടത്തി വൈറലായിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ചെറുപ്പക്കാരന്‍. ലംബോര്‍ഗിനി സ്വന്തമാക്കാനുള്ള അതിയായ ആഗ്രഹമുണ്ടായിരുന്നിട്ടും വില താങ്ങാനാവാത്തതിനാൽ തന്റെ മാരുതി 800ല്‍ പരീക്ഷണങ്ങള്‍ നടത്തി കിടിലന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ലംബോര്‍ഗിനിയായി മാറ്റിയെടുത്ത മാരുതി 800ന്റെ വീഡിയോയും വിവരങ്ങളും അതിവേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
റാഞ്ചി സ്വദേശിയായ ആരിഫാണ് പരീക്ഷണങ്ങളിലൂടെ കിടിലന്‍ ട്രാന്‍ഫോര്‍മേഷന്‍ നടത്തിയിരിക്കുന്നത്. തന്റെ ടെക്‌നിക്കല്‍ വൈദ്ഗധ്യവും പരിശീലനവും ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വന്തമായി ഉണ്ടാക്കിയ ഗാരേജിലാണ് ആരിഫിന്റെ പരീക്ഷണങ്ങളുടെ തുടക്കം. ലംബോര്‍ഗിനി സ്വന്തമാക്കണമെന്ന അതിയായ ആഗ്രഹം ചെറുപ്രായത്തിലേ ഉണ്ടായിരുന്നെങ്കിലും സാമ്പത്തികഭദ്രതയില്ലാത്തത് കാരണം മോഹം ഉപേക്ഷിക്കുകയായിരുന്നു. പകരം, സ്വന്തം ഗാരേജില്‍ തന്റെ മാരുതി 800ന് മുകളില്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.
കാറിന്റെ മിററുകളും ഗ്ലാസുകളും മാത്രമേ മാര്‍ക്കറ്റില്‍ നിന്ന് എത്തിക്കേണ്ടിവന്നുള്ളൂവെന്നാണ് വിവരം. ബാക്കിയെല്ലാ സൗകര്യങ്ങളും ആരിഫ് സ്വയം രൂപകല്‍പ്പന ചെയ്യുകയായിരുന്നു. ആഡംബര മോഡല്‍ ലംബോര്‍ഗിയുടേതിന് സമാനമായ രീതിയിലായിരുന്നു ബോഡിയുടെ നിര്‍മാണം. ഏകദേശം നാല് ലക്ഷം രൂപ ചെലവായെന്ന് ആരിഫ് വ്യക്തമാക്കി.
ആരിഫ് കാര്‍ നിര്‍മിക്കുന്നതിന്റെയും നിരത്തിലിറക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ ചൂടപ്പം പോലെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പ്രൊഫഷണല്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറുമാരുടെ സഹായമൊന്നും കൂടാതെ കാര്‍ സ്വന്തമായി നിര്‍മിച്ച ആരിഫിന്റെ പ്രാഗത്ഭ്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ അഭിപ്രായങ്ങളറിയിക്കുകയും ചെയ്തു.
Adjust Story Font
16
