ഗൂഗിള്‍ മാപ്പ് തന്ന എട്ടിന്റെ പണി; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്
പണി നടക്കുന്ന ഫ്‌ളൈ ഓവറിന് മുകളില്‍ വാഹനം തൂങ്ങി കിടന്നു

ലക്‌നൗ: ഗൂഗിള്‍ മാപ്പ് പിന്തുടര്‍ന്ന് പോയി പല അബദ്ധങ്ങളും അപകടങ്ങളും സംഭവിച്ചിട്ടില്ലേ... അത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അപകടം നടന്നത് ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. പണി നടക്കുന്ന ഫ്‌ളൈ ഓവറിന് മുകളില്‍ വാഹനം തൂങ്ങി കിടക്കുന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഗൂഗിള്‍ മാപ്പ് നല്‍കിയ തെറ്റായ വിവരങ്ങള്‍ പിന്തുടര്‍ന്നാണ് കാര്‍ ഓടിച്ച് പണിനടക്കുന്ന ഫ്‌ളൈ ഓവറിന് മുകളില്‍ എത്തിയത്. പെട്ടെന്ന് റോഡ് അവസാനിച്ചു. ബ്രേക്ക് ചെയ്‌തെങ്കിലും കാര്‍ താഴേക്ക് പതിച്ചു. ഫ്‌ളൈ ഓവറിന്റെ താഴെ ഭാഗത്ത് കാര്‍ കുടുങ്ങിയതിനാലാണ് വന്‍ അപകടം ഒഴിവായത്. കുത്തനെ മറിഞ്ഞ കാര്‍ കുടുങ്ങികിടന്ന നിലയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത്. കാര്‍ കുടുങ്ങി കിടന്നില്ലായിരുന്നുവെങ്കില്‍ താഴെക്ക് ശക്തിയായി പതിച്ച് വന്‍ അപകടം ഉണ്ടാകുമായിരുന്നു.
ഭാഗ്യം ഒന്നുകൊണ്ടാണ് യാത്രക്കാരെ സുരക്ഷിതമായി കാറില്‍ നിന്നും പുറത്തെടുക്കാന്‍ സാധിച്ചത്. നിര്‍മ്മാണ ഏജന്‍സിയുടെ അനാസ്ഥയും വിഷയത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. റോഡ് അവസാനിച്ചതായുള്ള യാതൊരുവിധ സൂചനബോര്‍ഡുകളും സ്ഥലത്ത് സ്ഥാപിച്ചിട്ടില്ലെന്നാണ് വ്യാപക പരാതി. കൂടാതെ തെറ്റായ ജിപിഎസ് മാര്‍ഗനിര്‍ദ്ദേശങ്ങളും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. കാര്‍ തൂങ്ങികിടിക്കുന്ന വിഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്. അന്ധമായി ജിപിഎസിനെ വിശ്വസിക്കാന്‍ പാടില്ലെന്ന് നിരവധിയാളുകള്‍ വിഡിയോക്ക് താഴെ കമന്റ് ചെയ്തു.
Adjust Story Font
16

