Quantcast

"പള്ളികളിലെ ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍...": രാജ് താക്കറെക്കെതിരെ കേസെടുത്തു

സംഘർഷ സാധ്യത കണക്കിലെടുത്ത് ക്രമസമാധാനം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡി.ജി.പിക്ക് നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2022-05-03 15:27:29.0

Published:

3 May 2022 2:38 PM GMT

പള്ളികളിലെ ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍...: രാജ് താക്കറെക്കെതിരെ കേസെടുത്തു
X

മുംബൈ: ഔറംഗബാദിലെ പ്രകോപന പ്രസംഗത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെയ്ക്ക് എതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. നാളെയ്ക്കുള്ളിൽ പള്ളികളിലെ ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിലെത്തി ഹനുമാൻ ചാലിസ പാടുമെന്ന് രാജ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവം പ്രകോപനം സൃഷ്ടിച്ചു, ജനങ്ങളെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് രാജ് താക്കറെക്കെതിരെ ചുമത്തിയത്. ഐ.പി.സിയിലെ സെക്ഷന്‍ 153 പ്രകാരമാണ് രാജ് താക്കറെക്കെതിരെ കേസെടുത്തത്. ഔറംഗബാദിലെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സംഘർഷ സാധ്യത കണക്കിലെടുത്ത് ക്രമസമാധാനം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡി.ജി.പിക്ക് നിർദേശം നൽകി. പ്രശ്ന സാധ്യതയുള്ള ഇടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ഓഫീസുകളിൽ നിന്ന് പൊലീസ് ഉച്ചഭാഷിണികൾ പിടിച്ചെടുത്തു.

നേരത്തെ മെയ് 3നുള്ളില്‍ പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിനോട് രാജ് താക്കറെ ആവശ്യപ്പെട്ടത്. മെയ് 3ന് ചെറിയ പെരുന്നാളായതിനാല്‍ മെയ് 4 എന്ന പുതിയ തിയ്യതി പ്രഖ്യാപിച്ചു- "ഈദ് മെയ് 3നാണ്. ആഘോഷങ്ങൾ അലോസരപ്പെടുത്താന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മെയ് നാലിന് ശേഷം ഞങ്ങൾ കേൾക്കില്ല. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇരട്ടി ശക്തിയോടെ ഞങ്ങൾ ഹനുമാൻ ചാലിസ ചൊല്ലും. ഞങ്ങളുടെ അഭ്യർഥന നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ, ഞങ്ങൾ അത് ഞങ്ങളുടെ രീതിയിൽ കൈകാര്യം ചെയ്യും. മെയ് 4 മുതൽ ഞാൻ നിശബ്ദനായിരിക്കാന്‍ പോകുന്നില്ല. അതിനകം ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ, ഞങ്ങൾ മഹാരാഷ്ട്രയുടെ ശക്തി കാണിച്ചുതരും"- എന്നാണ് രാജ് താക്കറെയുടെ ഭീഷണി.

"ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ സംഭവിക്കാന്‍ പോകുന്നതിന് ഞങ്ങൾ ഉത്തരവാദികളായിരിക്കില്ല. ഇത് മതപരമായ വിഷയമല്ല, സാമൂഹിക വിഷയമാണെന്ന് ഞാൻ ആവർത്തിക്കുന്നു. എന്നാൽ നിങ്ങൾ ഇത് ഒരു മതപരമായ വിഷയമാക്കിയാൽ ഞങ്ങൾ സമാനമായ രീതിയിൽ പ്രതികരിക്കും"- രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു. രാജ് താക്കറെയുടെ വെല്ലുവിളിക്ക് പിന്നാലെയാണ് കേസെടുത്തത്.

Summary- A case has been registered against MNS chief Raj Tahckeray for inflammatory speech at a rally in Aurangabad on Sunday.

TAGS :

Next Story