പൊലീസ് സ്റ്റേഷന് പുറത്ത് അനുമതിയില്ലാതെ പ്രകടനം; 15 സംഘ്പരിവാര്‍ നേതാക്കള്‍ക്ക് എതിരെ കേസ്
കഡബ മോഡൽ പ്രതിഷേധം കണ്ട് പൊലീസ് പിന്മാറില്ലെന്ന് എസ് പി ഡോ.കെ.അരുണ്‍ കുമാര്‍ പറഞ്ഞു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ കഡബ പൊലീസ് സ്റ്റേഷന് പുറത്ത് അനുമതിയില്ലാതെ പ്രകടനം നടത്തിയ 15 സംഘ്പരിവാര്‍ നേതാക്കള്‍ക്ക് എതിരെ കേസ്. ഞായറാഴ്ച രാത്രിയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്റ്റേഷന് പുറത്ത് പ്രകടനം നടത്തിയത്. പുതുതായി ചുമതലയേറ്റ ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുണ്‍കുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് കസബ പൊലീസ് രാത്രിയില്‍ നേതാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് ജിപിഎസ് അധിഷ്ഠിത ഫോട്ടോകള്‍ എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
നേതാക്കളായ പ്രമോദ് റായ് നന്ദുഗുരി, തിലക് നന്ദുഗുരി, മോഹന്‍ കെരേകൊടി, ചന്ദ്രശേഖര്‍ നൂജിബാല്‍ത്തില, മഹേഷ് കുറ്റുപ്പാടി, ദീകയ്യ നൂജിബാല്‍ത്തില, സുജിത്ത് കുറ്റുപ്പാടി, ശരത് നന്ദുഗുരി, രാധാകൃഷ്ണ കെ, ജയന്ത് എന്നിവരും മറ്റ് മൂന്ന് പേരുമാണ് പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി ഔദ്യോഗിക അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതെന്ന് കഡബ പൊലീസ് അറിയിച്ചു. ഈ നേതാക്കള്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 39/2025 കോളം 189(2), 190 പ്രകാരം കേസെടുത്തു. ഞായറാഴ്ച്ച രാത്രി കഡബ സ്റ്റേഷന് പുറത്ത് നടത്തിയതുപോലുള്ള പ്രതിഷേധങ്ങളിലൂടെ പൊലീസിനെ നിര്‍വീര്യമാക്കാമെന്ന് കരുതേണ്ടെന്നും വര്‍ഗീയത പ്രതിരോധിക്കാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുണ്‍ കുമാര്‍ പറഞ്ഞു. അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ വെളിച്ചത്തില്‍ ദക്ഷിണ കന്നട ജില്ലയിലും മംഗളൂരു സിറ്റി കമ്മീഷണറേറ്റ് പരിധിയിലും ക്രമസമാധാന നില തകര്‍ന്നുവെന്ന് ജില്ല പൊലീസ് അറിയിച്ചു.
''കഴിഞ്ഞ 5-10 വര്‍ഷത്തിനിടയിലെ കൊലപാതക കേസുകളുടെ വിശകലനം കാണിക്കുന്നത് ചില പ്രതികള്‍ക്ക് വര്‍ഗീയ സംഘടനകളുമായി ബന്ധമുണ്ടെന്നാണ്. അത്തരം സംഘടനകളുടെ നേതാക്കളുടെ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം എല്ലാ ഗ്രൂപ്പുകളെയും പരിശോധിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രതിരോധ നടപടികള്‍ തുടരും. വിവിധ സംഘടനകളിലെ പ്രധാന അംഗങ്ങളുടെ പശ്ചാത്തല പരിശോധന തുടരുന്നതിന് എതിരെയാണ് കസബ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധമുണ്ടായത്. ജില്ലയിലുടനീളം സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധനകളെന്ന് ജനങ്ങള്‍ മനസിലാക്കണം.
പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഈ ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ക്രമസമാധാനം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കപ്പെടുന്നതുവരെ ഞങ്ങള്‍ അത്തരം നടപടികള്‍ നടപ്പിലാക്കുന്നത് തുടരും. നിയമവിരുദ്ധമായ പ്രതിഷേധത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്കും അവരെ പ്രതിനിധീകരിക്കാന്‍ കുടുംബാംഗങ്ങള്‍ മുന്നോട്ട് വന്നാല്‍ അവര്‍ക്കും ആവശ്യമെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും,'' എസ്.പി പറഞ്ഞു.
Adjust Story Font
16

