Quantcast

സുഹൃത്തിനെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ചുവെന്ന് ആരോപിച്ച് അഞ്ച് മുസ്‌ലിം പെൺകുട്ടികൾക്ക് എതിരെ കേസ്

മതപരിവർത്തനത്തിനോ ക്രിമിനൽ പ്രവർത്തനത്തിനോ തെളിവുകളൊന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് മൊറാദാബാദ് പൊലീസ് അവസാനിപ്പിച്ച കേസാണിത്

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-01-25 07:22:08.0

Published:

25 Jan 2026 12:48 PM IST

സുഹൃത്തിനെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ചുവെന്ന് ആരോപിച്ച് അഞ്ച് മുസ്‌ലിം പെൺകുട്ടികൾക്ക് എതിരെ കേസ്
X

ബറേലി: ഉത്തർപ്രദേശിലെ മൊറാദാബാദിൽ സുഹൃത്തായ പെൺകുട്ടിയെ ബുർഖ ധരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത അഞ്ച് മുസ്‌ലിം പെൺകുട്ടിക്കൾക്ക് എതിരെ കേസ്. മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2025 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പെൺകുട്ടിയുടെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

മതപരിവർത്തനത്തിനോ ക്രിമിനൽ പ്രവർത്തനത്തിനോ തെളിവുകളൊന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് മൊറാദാബാദ് പൊലീസ് അവസാനിപ്പിച്ച കേസാണിത്. റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലി സഹോദരൻ ശകാരിക്കുന്നത് ഭയന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി ബുർഖ ധരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ജനുവരി 16ന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ മൊറാദാബാദ് പൊലീസ് പറയുന്നു. നിർബന്ധിത മതപരിവർത്തന ആരോപണങ്ങളിൽ യാതൊരു സത്യവുമില്ലെന്നും വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും പൊലീസ് പോസ്റ്റിൽ വ്യക്തമാക്കി.

ഇതിനെ തുടർന്ന് ജനുവരി 22ന് പെൺകുട്ടിയുടെ സഹോദരൻ ബിലാരി പൊലീസ് സ്റ്റേഷനിൽ പുതിയ പരാതിയുമായി എത്തി. തന്റെ സഹോദരിയെ കോച്ചിങ് സെന്ററിലെ സഹപാഠികൾ ബുർഖ ധരിപ്പിക്കാൻ നിർബന്ധിച്ചുവെന്നും അവളെ മതം മാറ്റാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിച്ചു. ഈ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികൾ സുഹൃത്തുക്കളായിരുന്നു. കേസായതോടെ പെൺകുട്ടികൾ പഠിച്ചിരുന്ന സ്വകാര്യ കോച്ചിങ് സെന്റർ അടച്ചുപൂട്ടി.

TAGS :

Next Story