ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടയാൻ രേഖകൾ തിരുത്തി; കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറലിനെതിരെ സിബിഐ കേസ്
കോസ്റ്റ് ഗാർഡിന്റെ 23-ാമത് ഡിജിയായി സേവനമനുഷ്ടിച്ചയാളാണ് കെ.നടരാജൻ

ന്യൂഡൽഹി: മുൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കെ.നടരാജനും അജ്ഞാതരായ മറ്റു ചിലർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. മുതിർന്ന ഉദോഗസ്ഥരുമായി ബന്ധപ്പെട്ട രേഖകൾ കൃത്രിമം കാണിക്കുകയും മാറ്റം വരുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് നടരാജനെതിരെ ചുമത്തിയ വകുപ്പുകൾ.
കോസ്റ്റ് ഗാർഡിന്റെ 23-ാമത് ഡിജിയായി സേവനമനുഷ്ടിച്ചയാളാണ് കെ.നടരാജൻ. 2019 ജൂലൈ 1 ന് സ്ഥാനം ഏറ്റെടുത്ത അദ്ദേഹം, 2021 ഡിസംബർ 31 നാണ് വിരമിച്ചത്. തന്റെ സ്ഥാനക്കയറ്റം തടയുന്നതിനായി കെ.നടരാജൻ രേഖകൾ തിരുത്തിയതായി കാണിച്ച് പ്രതിരോധ സെക്രട്ടറിയുടെ ഓഫീസിൽ നേരത്തെ ഒരുദ്യോഗസ്ഥൻ പരാതി നൽകിയിരുന്നു.
2019-ൽ നടന്ന ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡിപിസി) യോഗത്തിൽ അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) റാങ്കിലേക്കുള്ള തന്റെ സ്ഥാനക്കയറ്റം തടയാൻ നടരാജൻ ശ്രമിച്ചുവെന്ന് അന്നത്തെ ഇൻസ്‌പെക്ടർ ജനറൽ രാകേഷ് പാൽ ആണ് പരാതി നൽകിയിരുന്നത്.
ഇതേതുടർന്ന് രൂപീകരിച്ച വസ്തുതാന്വേഷണ കമ്മിറ്റി 2019 ലും 2021 ലും നടന്ന ഡിപിസികളിൽ എഡിജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനായി പരിഗണിച്ച ചില ഉദ്യോഗസ്ഥരുടെ രേഖകളിൽ തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് 2024 ഫെബ്രുവരി 12-ന് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് നൽകിയ നിർദേശത്തെ തുടർന്നാണ് 2024 ഏപ്രിൽ 29-ന് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്.
Adjust Story Font
16

