പ്രതിപട്ടികയിലില്ലാത്ത ആളെ പിടികിട്ടാപ്പുള്ളിയായി അവതരിപ്പിച്ച് സിബിഐ; മോചിപ്പിച്ച് കോടതി
35 വർഷമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്

ശ്രീനഗർ: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ മകൾ റൂബിയ സയിദിനെ തട്ടിക്കൊണ്ടുപോയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത് പ്രതിപട്ടികയിൽ ഇല്ലാത്ത വ്യക്തിയെ. ശ്രീനഗർ സ്വദേശി ഷഫാത്ത് അഹമ്മദ് സാഗ്ലുവിനെയാണ് റൂബിയ കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് സിബിഐ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനുള്ള അപേക്ഷയുമായി ജമ്മു ടാഡ കോടതിയെ സമീപിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സാഗ്ലൂവിനെ പ്രതിയാക്കിയിട്ടില്ലെന്ന് സാഗ്ലൂവിന്റെ അഭിഭാഷകൻ സൊഹൈൽ ദാർ കോടതിയെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് 35 വർഷമായിട്ട് ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പറഞ്ഞിട്ട് സാഗ്ലൂവിനെ സിബിഐ അറസ്റ്റ് ചെയ്തത്. സാഗ്ലുവിനെ വെറുതെ വിട്ടതിന് പുറമെ കേസിലെ മറ്റ് ഏഴ് പേർക്കെതിരെ നിലവിലുണ്ടായിരുന്ന അറസ്റ്റ് വാറണ്ടുകളും കോടതി റദ്ദാക്കി.
1989 ഡിസംബർ 8-നാണ് റൂബിയ സയിദിനെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടുകാർ തട്ടിക്കൊണ്ടുപോയത്. അന്ന് വി.പി. സിംഗ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു മുഫ്തി മുഹമ്മദ് സയിദ്. അഞ്ച് പേരെ മോചിപ്പിച്ചതിന് പകരമായാണ് അന്ന് റൂബിയയെ വിട്ടയച്ചത്. ജെകെഎൽഎഫ് നേതാവ് യാസിൻ മാലിക് ആണ് കേസിലെ പ്രധാന പ്രതി.
Adjust Story Font
16

