ഉത്തരക്കടലാസിലെ തെറ്റുചൂണ്ടിക്കാട്ടിയ വിദ്യാർഥിയെ 'പാകിസ്താനി' എന്ന് വിളിച്ച് അധിക്ഷേപം; ഒടുവിൽ വീഴ്ച സമ്മതിച്ച് സിബിഎസ്ഇ
പരാതിയെ തുടർന്ന് വേദാന്തിന്റെ ഫിസിക്സ് ഉത്തരക്കടലാസ് പിന്നീട് സിബിഎസ്ഇ മെയിൽ വഴി അയച്ചുനൽകി

ന്യൂ ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറുകളും, അത് ചോദ്യം ചെയ്ത വിദ്യാർഥി നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പുനർമൂല്യനിർണയ പോർട്ടലിലെ അപാകതകൾക്കെതിരെ ശബ്ദമുയർത്തിയ വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർഥിയാണ് സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയായത്.
പരീക്ഷാ പുനർമൂല്യനിർണയത്തിനായി സിബിഎസ്ഇ പോർട്ടലിലൂടെ അപേക്ഷിച്ച വേദാന്തിന് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്നാരോപിച്ച് വിദ്യാർഥി രംഗത്തെത്തുകയായിരുന്നു. തന്റേതല്ലാത്ത കൈപ്പടയും ഉത്തരങ്ങളുമാണ് ഉത്തരക്കടലാസിലുള്ളതെന്ന് വേദാന്ത് ചൂണ്ടിക്കാട്ടി. ഈ സംഭവം പുറത്തുവന്നതോടെ സിബിഎസ്ഇയുടെ മൂല്യനിർണയ സംവിധാനത്തിന്റെ സുതാര്യതയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർന്നു.
തന്റെ ആശങ്കകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വേദാന്തിനെതിരെ ഒരു വിഭാഗം സൈബർ ആക്രമണം തുടങ്ങിയത്. ഇതിനിടെ, ദൂരദർശൻ അവതാരകൻ അശോക് ശ്രീവാസ്തവ് വേദാന്തിനെ ‘പാകിസ്താനി’ എന്ന് സംബോധന ചെയ്തത് വലിയ പ്രതിഷേധത്തിന് കാരണമായി. വിദ്യാർഥിയുടെ കുടുംബം ശക്തമായി പ്രതിഷേധിച്ചതോടെ അവതാരകൻ പിന്നീട് മാപ്പ് പറയുകയും ചെയ്തു. വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ പ്രതികരിക്കുകയും, വിദ്യാർഥിയുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങളുയർത്തുകയും ചെയ്തു.
വിദ്യാർഥിയുടെ പരാതിയെ തുടർന്ന് വേദാന്തിന്റെ ഫിസിക്സ് ഉത്തരക്കടലാസ് പിന്നീട് സിബിഎസ്ഇ മെയിൽ വഴി അയച്ചുനൽകി. പുനർമൂല്യനിർണയ പോർട്ടലിലെ സാങ്കേതിക തകരാറുകൾ മൂലം വിദ്യാർഥികൾക്കുണ്ടായ സാമ്പത്തിക നഷ്ടം തിരികെ നൽകാനുള്ള നടപടികൾ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. നിലവിൽ, മാർക്ക് പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമായി വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകിയിട്ടുണ്ട്. പോർട്ടലിലെ തകരാറുകൾ പരിഹരിച്ച് പരീക്ഷാ നടപടികളിലെ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ വിദ്യാർഥി സംഘടനകളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉയരുന്നത്.
Adjust Story Font
16

