Quantcast

പോസ്റ്റ് റിസൽട്ട് സർവീസ് പോർട്ടലിന് നേരെ സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകി സിബിഎസ്ഇ

ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റിലാണ് സിബിഎസ്ഇ പരാതി നൽകിയിരിക്കുന്നത്

MediaOne Logo
പോസ്റ്റ് റിസൽട്ട് സർവീസ് പോർട്ടലിന് നേരെ സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകി സിബിഎസ്ഇ
X

ന്യൂഡൽഹി: ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സേവനങ്ങൾക്കായുള്ള തങ്ങളുടെ പോർട്ടലിന് നേരെ തുടർച്ചയായി ആസൂത്രിത സൈബർ ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്ന് സിബിഎസ്ഇ ഡൽഹി പൊലീസിൽ പരാതി നൽകി. ഈ ആക്രമണങ്ങളെയെല്ലാം വിജയകരമായി പ്രതിരോധിച്ചതായും വിദ്യാർഥികളുടെ വിവരങ്ങളോ മറ്റ് ഡാറ്റകളോ ചോർന്നിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കി.

ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റിലാണ് സിബിഎസ്ഇ പരാതി നൽകിയിരിക്കുന്നത്. തങ്ങളുടെ 'പോസ്റ്റ്-റിസൾട്ട് സർവീസസ് പോർട്ടൽ' ലക്ഷ്യമിട്ട് സങ്കീർണവും ആസൂത്രിതവുമായ സൈബർ ആക്രമണ പരമ്പരകൾ നടന്നതായി ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഉത്തരങ്ങളുടെ പരിശോധന, പുനർമൂല്യനിർണയം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജൂൺ രണ്ടിനാണ് ഈ പോർട്ടൽ ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇതിന് നേരെ തുടർച്ചയായ സൈബർ ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് സിബിഎസ്ഇ പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ഐപി അഡ്രസുകളിൽ നിന്നാണ് വലിയ തോതിലുള്ള വ്യാജ ട്രാഫിക് പോർട്ടലിലേക്ക് തിരിച്ചുവിട്ടതെന്ന് സിബിഎസ്ഇ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർഥികൾ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സേവനങ്ങൾക്കായി ഈ പോർട്ടലിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ, ഇതിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന ഏതൊരു തടസവും വലിയൊരു വിഭാഗം ആളുകളെ ദോഷകരമായി ബാധിക്കുമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബോർഡ് ആശങ്ക പ്രകടിപ്പിച്ചു. ഇത് ക്രമസമാധാന പ്രശ്‌നങ്ങൾക്കും ബോർഡിനെതിരെ വിദ്യാർഥികൾക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നതിനും കാരണമായേക്കാമെന്നും സിബിഎസ്ഇ കൂട്ടിച്ചേർത്തു.

പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം തകരാറിലാക്കുക, യഥാർഥ ഉപയോക്താക്കൾക്ക് ഇതിലേക്കുള്ള പ്രവേശനം തടയുക, രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ശക്തികൾക്ക് അനധികൃതമായി വിവരങ്ങൾ ചോർത്താൻ അവസരമൊരുക്കുക എന്നിവയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. ആക്രമണത്തിന്റെ സ്വഭാവവും വ്യാപ്തിയും കണക്കിലെടുത്ത്, കുറ്റക്കാർക്കെതിരെ വിശദമായ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ബോർഡ് ഐഎഫ്എസ്ഒ യൂണിറ്റിനെ സമീപിക്കുകയായിരുന്നു.

അതേസമയം, തങ്ങളുടെ സിസ്റ്റങ്ങളും ഡാറ്റാബേസുകളും പൂർണമായും സുരക്ഷിതമാണെന്ന് ബോർഡ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ദോഷകരമായ ശ്രമങ്ങൾ നടന്നിട്ടും ഡാറ്റാ ചോർച്ചയോ അനധികൃതമായ കടന്നുകയറ്റങ്ങളോ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.

ഐഐടി കാൺപൂർ, ഐഐടി മദ്രാസ്, ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, സിഇആർടി-ഇൻ എന്നിവയുൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഏജൻസികളുടെ സൈബർ സുരക്ഷാ വിഭാഗങ്ങളുടെ പിന്തുണയോടെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനത്തിലൂടെയാണ് ഈ ആക്രമണങ്ങൾ വിജയകരമായി പ്രതിരോധിച്ചത്.

TAGS :

Next Story