Quantcast

'ജോലി ചെയ്യാന്‍ വയ്യ'; അജ്ഞാത മൃതദേഹം മറ്റൊരു സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച് പൊലീസുകാര്‍; ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

വിഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ യുപി പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    7 Dec 2025 10:38 AM IST

ജോലി ചെയ്യാന്‍ വയ്യ; അജ്ഞാത മൃതദേഹം മറ്റൊരു സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച് പൊലീസുകാര്‍; ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍
X

മീററ്റ്: മീററ്റിലെ ലോഹിയാനഗർ പ്രദേശത്ത് കടയുടെ ഷട്ടറിന് സമീപം അജ്ഞാത യുവാവിന്‍റെ മൃതദേഹം ഉപേക്ഷിച്ച് പൊലീസുകാര്‍. വെള്ളിയാഴ്ച രാവിലെയാണ് യുവാവിന്‍റെ മൃതദേഹം കടയുടമകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കടയുടമകളെല്ലാം ചേര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പൊലീസ് യൂണിഫോമിലുള്ള ആളുകൾ മൃതദേഹം അവിടെ ഉപേക്ഷിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

വ്യാഴാഴ്ച രാത്രിയാണ് ആരുമില്ലാത്ത സമയത്ത് പൊലീസുകാര്‍ മൃതദേഹം കൊണ്ടുതള്ളിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉടന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. വിഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തി. സാധാരണക്കാരോടുള്ള പൊലീസിന്റെ അനാസ്ഥയാണ് വിഡിയോ തെളിയിക്കുന്നതെന്നായിരുന്നു വിമര്‍ശനം.

പ്രതിഷേധം വ്യാപകമായപ്പോള്‍ മൃതദേഹം ഉപേക്ഷിച്ച പൊലീസുകാരായ എൽ-ബ്ലോക്ക് ഔട്ട്‌പോസ്റ്റ് ഇൻ ചാർജ് ജിതേന്ദ്ര കുമാറിനെയും കോൺസ്റ്റബിൾ രാജേഷിനെയും സസ്‌പെൻഡ് ചെയ്യുകയും ഹോം ഗാർഡ് റോഹ്താഷിന്റെ പിരിച്ചുവിടുകയും ചെയ്തു.സംഭവത്തില്‍ എസ്പി സിറ്റി ആയുഷ് വിക്രം സിങ്ങിന്റെ കീഴിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മീററ്റ് എസ്എസ്പി ഡോ. വിപിൻ ടാഡ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച രാത്രി നൗചനാഡി അധികാരപരിധിയിലുള്ള പോലീസുകാർ എൽ-ബ്ലോക്ക് ഔട്ട്‌പോസ്റ്റ് പ്രദേശത്ത് അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാതിരിക്കാൻ, അവർ മൃതദേഹം മറ്റൊരു പൊലീസ് അധികാരപരിധിയിലേക്ക് മാറ്റാനായി തീരുമാനിച്ചു.ഇതുപ്രകാരം പുലർച്ചെ 1:40 ഓടെ ലോഹിയാനഗർ താനയ്ക്ക് കീഴിലുള്ള കാസിപൂരിലെ റോണിത് ബെയ്ൻസ്‌ലയുടെ സ്റ്റേഷനറി കടയ്ക്ക് പുറത്ത് ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തെന്നാണ് കണ്ടെത്തല്‍.


TAGS :

Next Story