മരണത്തിന് തൊട്ടുമുൻപ് ടെറസിലേക്ക് കയറിപ്പോകുന്ന ട്വിഷ; ഒരു മണിക്കൂറിന് ശേഷം മൃതദേഹവുമായി താഴേക്ക് ഇറങ്ങുന്ന ഭര്‍ത്താവ്: നിര്‍ണായക സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
തുടർന്ന് കൃത്രിമ ശ്വാസം നൽകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം

- Published:
19 May 2026 10:57 AM IST

ഭോപ്പാൽ: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മുൻ മോഡലും ഡിജിറ്റൽ ക്രിയേറ്ററുമായ ട്വിഷ ശര്‍മ മരിച്ച സംഭവത്തിൽ നിര്‍ണായ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. കതാരാ ഹിൽസിലെ ഭർതൃവീട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് അന്വേഷണസംഘം കണ്ടെടുത്തത്. ഇതോടെ കേസിൽ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.
മെയ് 12ന് മരിക്കുന്നതിന് തൊട്ടുമുൻപ് ട്വിഷ(33) ഭോപ്പാലിലെ വീടിന്‍റെ ടെറസിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ സിസി ടിവിയിലുണ്ട്. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഭർത്താവ് സമർത്ഥ് സിംഗും മറ്റ് രണ്ട് പേരും ചേർന്ന് യുവതിയുടെ മൃതദേഹം താഴേക്ക് ചുമന്നുകൊണ്ട് വരുന്നതും, തുടർന്ന് കൃത്രിമ ശ്വാസം നൽകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ട്വിഷ വീട്ടിനുള്ളിൽ ജീവനൊടുക്കുകയാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ ആദ്യം പറഞ്ഞത്. എന്നാൽ ടെറസിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, മകളെ കെട്ടിത്തൂക്കിയതാണോ അതോ ടെറസിൽ നിന്ന് തള്ളിയിട്ട് കൊന്നതാണോ എന്ന് കണ്ടെത്താൻ രണ്ടാമത് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ട്വിഷയുടെ കുടുംബം ആവശ്യപ്പെടുന്നു.
സംഭവത്തെത്തുടര്‍ന്ന് അഭിഭാഷകനായ ഭര്‍ത്താവ് ഒളിവിലാണ്. ഇയാൾക്കെതിരെയും അമ്മയും റിട്ടയേഡ് ജഡ്ജിയുമായ ഗിരിബാല സിങ്ങിനെതിരെയും സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്. ട്വിഷ മയക്കുമരുന്നിന് അടിമയാണെന്ന് സമര്‍ത്ഥിന് വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ ആരോപിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കാത്തപ്പോൾ ട്വിഷ പ്രകോപിതയാകുകയും കൈകൾക്ക് വിറയലുണ്ടാവുകയും ചെയ്തിരുന്നതായി ഗിരിബാല മകനുവേണ്ടി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. ട്വിഷ മാനസികരോഗ വിദഗ്ധനെ കണ്ടിരുന്നതായും കൗൺസിലിങ്ങിന് വിധേയായിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ട്വിഷ ഏപ്രിൽ 17 ന് വിമാനത്തിൽ ഡൽഹിയിലേക്ക് പോയി, ഏകദേശം 12 മണിക്കൂർ കഴിഞ്ഞിട്ടും കണ്ടെത്താനായില്ല, തുടർന്ന് അടുത്ത ദിവസം മാതാപിതാക്കളുടെ വീട്ടിലെത്തി. ഗർഭിണിയായതിനുശേഷം ഭർതൃവീട്ടുകാരോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നതായും ഹരിജിയിൽ ആരോപിക്കുന്നു. ഗിരിബാല സിങ്ങിന് മുമ്പ് ഒരു പ്രാദേശിക കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച, മകന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.
ആരോപണങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സമർത്ഥ് സിങ്ങിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എസ്‌ഐടിയുടെ തലവനായ മിസ്‌റോഡ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ രജനീഷ് കശ്യപ് അറിയിച്ചു. തൂങ്ങിമരണമെന്നാണ് ഭോപ്പാലിലെ എയിംസിൽ നിന്നുള്ള പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
2024ൽ ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ട്വിഷയും സമര്‍ത്ഥും പരിചയപ്പെടുന്നത്. 2025 ഡിസംബറിൽ വിവാഹിതരായി. 2009 നും 2012 നും ഇടയിലാണ് ട്വിഷ മോഡലിങ് രംഗത്തേക്ക് കടക്കുന്നത്. എംബിഎ ബിരുദധാരി കൂടിയായ ട്വിഷ മുൻ മിസ് പൂനെ ടൈറ്റിൽ വിജയി ആയിട്ടുണ്ട്. നിരവധി പരസ്യങ്ങളിലും തെലുഗ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് .വിവാഹ സമയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ട്വിഷ. സമര്‍ത്ഥ് ജില്ലാ കോടതിയിൽ അഭിഭാഷകനും .വിവാഹത്തിന് ശേഷം ഇരുവരുടെയും ജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് ട്വിഷയുടെ കുടുംബം ആരോപിക്കുന്നു.
സ്ത്രീധന പീഡനം, ഗാർഹിക പീഡനം, നിർബന്ധിത ഗർഭച്ഛിദ്രം എന്നിവ ട്വിഷ നേരിട്ടിരുന്നതായി കുടുംബം നൽകിയ എഫ്ഐആറിൽ പറയുന്നു. "ഞാൻ ഇവിടെ കുടുങ്ങിപ്പോയി, അവർ എന്നെ ജീവിക്കാൻ അനുവദിക്കില്ല" എന്ന് മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ട്വിഷ സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.
Adjust Story Font
16
