Quantcast

കേന്ദ്ര സർക്കാറിന്റെ കോർപ്പറേറ്റ് പ്രീണനം; 11 വർഷത്തിനിടെ എഴുതി തള്ളിയത് 9.87 ലക്ഷം കോടിയുടെ വായ്പ

കാ‍‍ർഷിക മേഖലയിൽ എഴുതി തള്ളിയത് 1.67 ലക്ഷം കോടിയുടെ വായ്പ മാത്രം

MediaOne Logo
കേന്ദ്ര സർക്കാറിന്റെ കോർപ്പറേറ്റ് പ്രീണനം; 11 വർഷത്തിനിടെ എഴുതി തള്ളിയത് 9.87 ലക്ഷം കോടിയുടെ വായ്പ
X

ന്യൂഡൽഹി: കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ കേന്ദ്രസർക്കാർ എഴുതി തള്ളിയത് കോർപറേറ്റുകളുടെ 9.87 ലക്ഷം കോടി രൂപയുടെ വായ്പ. 2014 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കണക്കുകളാണിത്. ഇതേ കാലയളവിൽ കൃഷി, അനുബന്ധ മേഖലകളിൽ എഴുതി തള്ളിയത് 1.67 ലക്ഷം കോടിയുടെ വായ്പ മാത്രമാണ്. കേന്ദ്ര സർക്കാറാണ് കണക്കുകൾ പാ‍‍‍ർലമെന്റിൽ അവതരിപ്പിച്ചത്.

കണക്ക് ശതമാനത്തിൽ പരിശോധിച്ചാൽ എഴുതിത്തള്ളിയ വായ്പകളിൽ 85.5 ശതമാനവും കോർപ്പറേറ്റ് സ്ഥാപനങ്ങളുടേതാണ്. കാ‍ർഷിക മേഖലക്ക് ലഭിച്ചതാവട്ടെ കേവലം 14.5 ശതമാനം മാത്രവും. പരിസ്ഥിതി പ്രവർത്തകനും രാജ്യസഭാ എംപിയുമായ സന്ത് ബൽബീർ സിംഗ് സീചെവാളിന്റെ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ പാ‍ർലമെന്റിൽ കണക്കുകൾ അവതരിപ്പിച്ചത്. എഴുതിത്തള്ളിയ ആകെ കോർപ്പറേറ്റ് വായ്പകളിൽ 7.21 ലക്ഷം കോടി രൂപ വൻകിട വ്യാവസായിക വായ്പകളാണ്. വിവിധ ബാങ്കിംഗ് വ്യവസ്ഥകൾ പ്രകാരം വൻകിട ബിസിനസ് ഗ്രൂപ്പുകൾ നേടിയ ഇളവുകളാണ് 2.65 ലക്ഷം കോടി.

കാർഷിക മേഖല ഏറെ പ്രതിസന്ധി നേരിടുന്ന സമയത്ത് കേന്ദ്ര സർക്കാർ കൃഷിയെ അവ​ഗണിക്കുന്നതിന്റെ ഉദാഹരണമാണ് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ എന്ന വിമർശനം ഉയർന്നിട്ടുണ്ട്. "കോർപ്പറേറ്റുകൾ ആയിരക്കണക്കിന് കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുമ്പോൾ, നയപരമായ തീരുമാനമെന്ന പേരിൽ ആ തുകകൾ നിശബ്ദമായി എഴുതിത്തള്ളുകയാണെന്ന് സന്ത് ബൽബീർ സിംഗ് സീചെവാൾ പറഞ്ഞു. കോർപ്പറേറ്റ് വായ്പക്കാർക്ക് ഇത്ര വലിയ ഇളവുകൾ നൽകാൻ കഴിയുന്ന സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് കർഷകരോട് സമാനമായ അനുകമ്പ കാണിക്കാത്തതെന്ന അദ്ദേഹം ചോദിച്ചു.

"രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത് കോർപ്പറേറ്റുകളെ മാത്രം ആശ്രയിച്ചാണോ? രാജ്യത്തിന് അന്നം നൽകുന്ന കർഷകരെ ആശ്രയിച്ചല്ലേ? എന്നും അദ്ദേഹം ചോദിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കർഷക ആത്മഹത്യകളെക്കുറിച്ചും താങ്ങുവില നിഷേധിക്കുന്നതിനെക്കുറിച്ചും സീചെവാൾ കേന്ദ്ര കൃഷിമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, തൃപ്തികരമായ മറുപടി ലഭിച്ചില്ലായിരുന്നു.

TAGS :

Next Story