വയോധികക്ക് വീൽചെയര്‍ നിഷേധിച്ച സംഭവം; എയര്‍ ഇന്ത്യക്ക് നോട്ടീസ് നൽകുമെന്ന് കേന്ദ്രം
വീല്‍ചെയറിനായി ഒരു മണിക്കൂര്‍ കാത്തിരുന്ന ശേഷം, ഒരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിമാനത്താവളത്തിലൂടെ നടക്കുകയായിരുന്നു

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടും 82കാരിക്ക് വീൽചെയര്‍ നിഷേധിച്ച സംഭവം മന്ത്രാലയം പരിശോധിച്ചുവരികയാണെന്നും എയര്‍ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡു. രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിസിഎ യാത്രക്കാരിയുടെ കുടുംബവുമായും വിമാനക്കമ്പനിയുമായും സംസാരിച്ചിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാർച്ച് 4 ന് ഡൽഹി വിമാനത്താവളത്തിലാണ് സംഭവം.ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാന (A-I2600) ത്തിലെ യാത്രക്കാരിയായിരുന്നു 82കാരി. വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് വീണ് പരിക്കേറ്റിരുന്നു.
വീല്‍ചെയറിനായി ഒരു മണിക്കൂര്‍ കാത്തിരുന്ന ശേഷം, ഒരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിമാനത്താവളത്തിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ കാലുകള്‍ വഴുതി വീഴുകയായിരുന്നു. എന്നാൽ വീണ വയോധികയ്ക്ക് പ്രഥമ ശുശ്രൂഷ പോലും നല്‍കിയില്ലെന്ന് ഇവരുടെ ചെറുമകള്‍ ആരോപിച്ചു. ഏറെ വൈകിയാണ് വീല്‍ചെയര്‍ എത്തിയത്. അപ്പോഴേക്കും, ചുണ്ടില്‍ നിന്ന് രക്തം വരികയും തലയിലും മൂക്കിലും മുറിവേല്‍ക്കുകയും ചെയ്തിരുന്നു. മുത്തശ്ശി രണ്ട് ദിവസമായി ഐസിയുവിലാണെന്നും ശരീരത്തിന്റെ ഇടതുവശം തളര്‍ന്നുവെന്നും ചെറുമകള്‍ പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടിരുന്നതായും ചെറുമകള്‍ പരുള്‍ കന്‍വാര്‍ എക്‌സില്‍ കുറിച്ചിരുന്നു.
Adjust Story Font
16

