Quantcast

'യുപിയിൽ 'ജംഗിൾ രാജ്', ജനാധിപത്യം തകർക്കപ്പെടുന്നു'; ഡിഎസ്പിയുടെയും യോഗിയുടെയും ഹോളി - ജുമുഅ പരാമർശത്തിനെതിരെ ചന്ദ്രശേഖർ ആസാദ്

ഹോളി വർഷത്തിലൊരിക്കൽ മാത്രമേ ഉള്ളു, വെള്ളിയാഴ്ച പ്രാർത്ഥന എല്ലാ ആഴ്ചയും നടക്കാറുണ്ടെന്നായിരുന്നു സംഭൽ ഡിഎസ്പി പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    11 March 2025 12:33 PM IST

യുപിയിൽ ജംഗിൾ രാജ്, ജനാധിപത്യം തകർക്കപ്പെടുന്നു; ഡിഎസ്പിയുടെയും യോഗിയുടെയും ഹോളി - ജുമുഅ പരാമർശത്തിനെതിരെ ചന്ദ്രശേഖർ ആസാദ്
X

ന്യൂഡൽഹി: ഹോളി ആഘോഷവും വെള്ളിയാഴ്ച നമസ്കാരവും സംബന്ധിച്ച സംഭൽ ഡിഎസ്പിയുടെ വിവാദപ്രസ്താവനയിൽ പ്രതിഷേധവുമായി ലോക്‌സഭാ എംപിയും ആസാദ് സമാജ് പാർട്ടി (കാൻസി റാം) മേധാവിയുമായ ചന്ദ്രശേഖർ ആസാദ്. പാർലമെന്റിന് പുറത്തായിരുന്നു ആസാദിന്റെ പ്രതിഷേധം. ഹോളി വർഷത്തിലൊരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളു എന്നും എന്നാൽ വെള്ളിയാഴ്ച പ്രാർത്ഥന എല്ലാ ആഴ്ചയും നടക്കാറുണ്ടെന്നുമായിരുന്നു സംഭൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അനുജ് ചൗധരി പറഞ്ഞത്.

“ഉത്തർപ്രദേശിൽ സ്ത്രീകൾ, യുവാക്കൾ, ന്യൂനപക്ഷങ്ങൾ, പത്രപ്രവർത്തകർ പോലും സുരക്ഷിതരല്ല. മതസ്വാതന്ത്ര്യം കവർന്നെടുക്കപ്പെടുന്നു. പോലീസും മുഖ്യമന്ത്രിയും ഒരേ ഭാഷയിലാണ് സംസാരിക്കുന്നത്. സംസ്ഥാനത്ത് 'ജംഗിൾ രാജ്' ഉണ്ടെന്നും ജനാധിപത്യം തകർക്കപ്പെടുന്നുവെന്നും ഇത് തെളിയിക്കുന്നു. ബീഹാറിൽ നിന്ന് മടങ്ങുമ്പോൾ എന്നെ കസ്റ്റഡിയിലെടുത്ത് ഡൽഹിയിലേക്ക് അയച്ചു. ആയിരക്കണക്കിന് നമ്മുടെ പ്രവർത്തകരെ അവരുടെ വീടുകളിൽ തടഞ്ഞു. ഉത്തർപ്രദേശിൽ മുസ്ലീങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, കർഷകർ എന്നിവർ സുരക്ഷിതരല്ല. പാർലമെന്റിലും ഈ വിഷയം ഞാൻ ഉന്നയിക്കും,” സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്തു കൊണ്ട് ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

മാർച്ച് 14 ന് ഹോളിയും മുസ്ലികളുടെ പുണ്യമാസമായ റമദാനിലെ വെള്ളിയാഴ്ച പ്രാർത്ഥനകളും ഒരുമിച്ച് വരുന്നതിനാൽ സാമുദായിക ഐക്യം ഉറപ്പാക്കാൻ മാർച്ച് 6 ന് സംഭൽ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിലാണ് സംഭൽ ഡിഎസ്പി വിവാദ പ്രസ്താവന നടത്തിയത്. ഹോളിയുടെ ദിവസം വെള്ളിയാഴ്ച നമസ്കാരത്തിന് പോകുമ്പോൾ ശരീരത്തിലേക്ക് നിറങ്ങൾ വീഴുന്നത് മുസ്ലിംങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ അന്ന് അവർ വീടുകളിൽ തുടരണമെന്നും അനുജ് ചൗധരി പറഞ്ഞിരുന്നു. പിന്നീട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യാ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്യവെ ഇക്കാര്യം ആവർത്തിച്ചിരുന്നു.

വലിയ പ്രതിഷേധങ്ങളാണ് ഡിഎസ്പിയുടെയും മുഖ്യമന്ത്രിയുടെയും പരാമർശത്തിന് നേരെ ഉണ്ടായത്. പരാമർശങ്ങൾ ഇരുവിഭാഗങ്ങൾക്കിടയിൽ പക്ഷപാതം കാണിക്കുന്നുവെന്നും, അത് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്നും വിമർശനം ഉണ്ടായിരുന്നു. ഡിഎസ്പി അനുജ് ചൗധരിക്ക് നേരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story