Quantcast

യാത്രക്കാരുടെ ശ്രദ്ധക്ക്! റെയിൽവേ നിയമങ്ങളിൽ അടിമുടി മാറ്റം; അറിയേണ്ടതെല്ലാം

ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ്, റദ്ദാക്കൽ, റീഫണ്ട് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു

MediaOne Logo

Web Desk

  • Published:

    24 March 2026 4:56 PM IST

യാത്രക്കാരുടെ ശ്രദ്ധക്ക്! റെയിൽവേ നിയമങ്ങളിൽ അടിമുടി മാറ്റം; അറിയേണ്ടതെല്ലാം
X

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ്, റദ്ദാക്കൽ (Cancellation), റീഫണ്ട് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുന്നത് എളുപ്പമാക്കുന്നതിനൊപ്പം, ഏജന്റുമാരുടെ അനാവശ്യ ഇടപെടലുകൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ റെയിൽവേ മന്ത്രാലയം നടപ്പിലാക്കുന്നത്. 2026 ഏപ്രിൽ പകുതിയോടെ ഈ പുതിയ നിയമങ്ങൾ പൂർണമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് പരമാവധി റീഫണ്ട് ഉറപ്പാക്കുന്നതാണ് പുതിയ പരിഷ്കാരം. യാത്രയുടെ നിശ്ചിത സമയത്തിന് ഏറെ മുമ്പ് തന്നെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് കുറഞ്ഞ ക്യാൻസലേഷൻ ചാർജ് മാത്രം ഈടാക്കി ബാക്കി തുക തിരികെ നൽകും. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെങ്കിലും, യാത്രയോട് അടുക്കുന്തോറും ക്യാൻസലേഷൻ ചാർജുകൾ വർധിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

യാത്രയ്ക്ക് 72 മണിക്കൂർ മുതൽ 24 മണിക്കൂർ വരെയുള്ള സമയപരിധിയിൽ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം സർചാർജായി ഈടാക്കുന്നതാണ്. എന്നാൽ യാത്രയ്ക്ക് 24 മണിക്കൂർ മുതൽ 8 മണിക്കൂർ മുമ്പ് വരെയാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് തുകയുടെ 50 ശതമാനം വരെ സർചാർജായി റെയിൽവേ ഈടാക്കും. അതായത്, യാത്രയ്ക്ക് തൊട്ടടുത്ത സമയം ടിക്കറ്റ് റദ്ദാക്കുന്നത് വലിയ നഷ്ടമുണ്ടാക്കും.

ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിൽ താഴെ മാത്രമുള്ള സമയത്താണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ യാതൊരുവിധ റീഫണ്ടും ലഭിക്കില്ലെന്ന് റെയിൽവേയുടെ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു. നിലവിൽ ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് വരെ റീഫണ്ട് ലഭിക്കുമായിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് കൺഫേം ടിക്കറ്റുകൾക്ക് 8 മണിക്കൂർ കഴിഞ്ഞാൽ പണം തിരികെ ലഭിക്കില്ല.

യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ മറ്റൊരു മാറ്റം ബോർഡിങ് പോയിന്റ് മാറ്റാനുള്ള സൗകര്യമാണ്. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് തങ്ങളുടെ ബോർഡിങ് സ്റ്റേഷനിൽ മാറ്റം വരുത്താൻ സാധിക്കും. വലിയ നഗരങ്ങളിൽ ഒന്നിലധികം റെയിൽവേ സ്റ്റേഷനുകൾ ഉള്ള സാഹചര്യത്തിൽ ഇത് യാത്രക്കാർക്ക് ഏറെ സഹായകരമാകും. ഈ ആനുകൂല്യങ്ങളെല്ലാം കൺഫേം ടിക്കറ്റുകൾക്ക് മാത്രമാണ് ബാധകമാകുന്നത്.

TAGS :

Next Story