Quantcast

'ലിവ്-ഇൻ റിലേഷൻഷിപ്പ് സീസണുകളിൽ പങ്കാളിയെ മാറ്റുന്ന മൃ​ഗീയ രീതി'; വിവാഹ സമ്പ്രദായത്തെ തകർക്കുമെന്നും അലഹബാദ് ഹൈക്കോടതി

ലിവ്- ഇൻ പങ്കാളിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

MediaOne Logo

Web Desk

  • Published:

    2 Sep 2023 12:26 PM GMT

Changing Partners Every Season Says High Court On Live-In Relationships
X

ലഖ്നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. എല്ലാ സീസണിലും പങ്കാളികളെ മാറ്റുന്ന മൃഗീയമായ ആശയമാണ് ലിവ് ഇൻ റിലേഷൻഷിപ്പുകളെന്നും സുസ്ഥിരവും ആരോഗ്യകരവുമായ ഒരു സമൂഹത്തിന്റെ മുഖമുദ്രയായി അതിനെ കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് സിദ്ധാർഥ് നിരീക്ഷിച്ചു. ഇന്ത്യയിലെ വിവാഹ സമ്പ്രദായത്തെ തകർക്കാൻ ഒരു വ്യവസ്ഥാപിത രീതി പ്രവർത്തിക്കുന്നതായും കോടതി പറഞ്ഞു.

ലിവ്- ഇൻ പങ്കാളിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹം ഒരു വ്യക്തിക്ക് നൽകുന്ന സുരക്ഷയും സാമൂഹിക സ്വീകാര്യതയും സ്ഥിരതയും ഒരിക്കലും ലിവ്-ഇൻ-റിലേഷൻഷിപ്പ് നൽകുന്നില്ല. എല്ലാ സീസണിലും പങ്കാളികളെ മാറ്റുക എന്ന മൃഗീയമായ ആശയം സുസ്ഥിരവും ആരോഗ്യകരവുമായ ഒരു സമൂഹത്തിന്റെ മുഖമുദ്രയായി കണക്കാക്കാനാവില്ല”- ജസ്റ്റിസ് സിദ്ധാർഥിന്റെ സിം​ഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ മധ്യവർഗ സദാചാരം അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നമ്മുടെ രാജ്യത്ത് വിവാഹ സമ്പ്രദായം കാലഹരണപ്പെട്ടതിന് ശേഷം മാത്രമേ ലിവ്-ഇൻ-റിലേഷൻഷിപ്പ് സാധാരണമായി കണക്കാക്കൂ. വികസിത രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന പല രാജ്യങ്ങളിലും വിവാഹ സമ്പ്രദായം വലിയ പ്രശ്നമായി മാറിയിരിക്കുന്നു- ഹൈക്കോടതി പറഞ്ഞു.

'വിവാഹബന്ധത്തിൽ പങ്കാളിയോടുള്ള അവിശ്വാസവും ലിവ് ഇൻ റിലേഷൻഷിപ്പും പുരോഗമന സമൂഹത്തിന്റെ അടയാളങ്ങളായി കാണിക്കപ്പെടുന്നു. എന്നാൽ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാതെ യുവാക്കൾ അത്തരം ചിന്തകളിലേക്ക് ആകർഷിക്കപ്പെടുന്നു'- ഹൈക്കോടതി വിശദമാക്കി.

ഉത്തർപ്രദേശിലെ സഹറൻപൂർ സ്വദേശിയായ 19കാരിയുടെ പരാതിയിൽ അറസ്റ്റിലായ അദ്നാൻ എന്ന യുവാവിനാണ് ജാമ്യം അനുവദിച്ചത്. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് അദ്നാൻ പിന്മാറിയെന്നായിരുന്നു ലിവ്-ഇൻ പങ്കാളിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഈ വർഷം ഏപ്രിലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരു വർഷത്തോളം ഇരുവരും ഒരുമിച്ചു ജീവിക്കുകയും യുവതി ഗർഭിണിയായപ്പോൾ അദ്‌നാൻ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നു കാട്ടി യുവതി ഇയാൾക്കെതിരെ പരാതി നൽകുകയുമായിരുന്നു.



TAGS :

Next Story