Quantcast

'എന്റെ സഹ രാജ്യദ്രോഹികളായ സോറോസ് ഏജന്റുമാർക്കൊപ്പം'; സിബിഎസ്ഇ വിദ്യാര്‍ഥികളുമായി സംവദിച്ച് രാഹുല്‍ഗാന്ധി, ആക്ഷേപിച്ചവര്‍ക്ക് പരിഹാസം

വീഡിയോ എടുക്കുന്ന ക്യാമറാമാനോട്, "സഹോദരാ, ഈ 'ഭീകരവാദികളുടെ' മുഖം ഒന്ന് കാണിക്കൂ" എന്ന് രാഹുൽ ഗാന്ധി തമാശയായി പറയുന്നതും വീഡിയോയിൽ കാണാം

MediaOne Logo

റിഷാദ് അലി

  • Updated:

    2026-06-01 07:51:58

Published:

1 Jun 2026 10:41 AM IST

എന്റെ സഹ രാജ്യദ്രോഹികളായ സോറോസ് ഏജന്റുമാർക്കൊപ്പം; സിബിഎസ്ഇ വിദ്യാര്‍ഥികളുമായി സംവദിച്ച് രാഹുല്‍ഗാന്ധി, ആക്ഷേപിച്ചവര്‍ക്ക് പരിഹാസം
X

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകൾക്കെതിരെ ലളിതമായ ചോദ്യങ്ങൾ ഉന്നയിച്ച വിദ്യാർത്ഥികൾക്ക് മറുപടിക്ക് പകരം അധിക്ഷേപങ്ങളാണ് ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

വിവാദത്തിന് കാരണക്കാരായ വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് ''എന്റെ സഹ രാജ്യദ്രോഹികളായ സോറോസ് ഏജന്റുമാരുമായി നടത്തിയ കണ്ണുതുറപ്പിക്കുന്ന ചാറ്റ്" എന്ന പരിഹാസ രൂപേണയുള്ള അടിക്കുറിപ്പാണ് രാഹുൽ നൽകിയിരിക്കുന്നത്.

"വേദാന്തും അവന്റെ സുഹൃത്തുക്കളും മിടുക്കരും ധീരരുമായ യുവ ഇന്ത്യക്കാരാണ്. അവർ സിബിഎസ്ഇയോടും മോദി സർക്കാരിനോടും ലളിതമായ ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാൽ അവർക്ക് ലഭിച്ചത് ഉത്തരങ്ങൾക്ക് പകരം അധിക്ഷേപങ്ങളാണ്. അവർക്ക് മികച്ചതും സുരക്ഷിതവുമായ ഒരു ഭാവി അർഹതപ്പെട്ടതുണ്ട്. അത് അവർക്ക് ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പുവരുത്തും"- രാഹുൽ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വേദാന്ത്, പുനർമൂല്യനിർണ്ണയത്തിനായി തനിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി എക്സിൽ പങ്കുവെച്ച പോസ്റ്റ് വലിയ രീതിയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ സമാനമായ പരാതികളുമായി നിരവധി വിദ്യാർത്ഥികൾ രംഗത്തെത്തി. ഡിജിറ്റൽ സ്കാനിംഗിലെ പിഴവ് മൂലം കുട്ടികളുടെ ഉത്തരക്കടലാസുകൾ പരസ്പരം മാറിപ്പോയെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ വേദാന്തിനെതിരെ കനത്ത സൈബര്‍ ആക്രമണമാണ് നടന്നത്. "പാകിസ്താനികള്‍, ഡീപ്പ് സ്റ്റേറ്റ് ഏജന്റുമാർ" എന്നിങ്ങനെയായിരുന്നു അധിക്ഷേപ വാക്കുകള്‍.

സംഭാഷണത്തിനിടയിൽ കുട്ടികളോട്, "നിങ്ങളെ ഭീകരവാദികൾ എന്ന് വിളിച്ചോ? പറയൂ!" എന്ന് രാഹുൽ ചോദിക്കുമ്പോൾ, അതെ എന്ന് കുട്ടികൾ ചിരിച്ചുകൊണ്ട് മറുപടി നൽകുന്നുണ്ട്. തുടർന്ന് വീഡിയോ എടുക്കുന്ന ക്യാമറാമാനോട്, "സഹോദരാ, ഈ 'ഭീകരവാദികളുടെ' മുഖം ഒന്ന് കാണിക്കൂ" എന്ന് രാഹുൽ ഗാന്ധി തമാശയായി പറയുന്നതും വീഡിയോയിൽ കാണാം.

"നിങ്ങൾ വിദ്യാർഥികളാണ്, നിങ്ങളുടെ സ്വന്തം ഉത്തരക്കടലാസ് മാത്രമാണ് നിങ്ങൾ ചോദിക്കുന്നത്. പെട്ടെന്ന് നിങ്ങളെല്ലാവരും രാജ്യദ്രോഹികളായി മാറി. ഒരു പ്രശ്നം പരിഹരിക്കണമെങ്കിൽ ആദ്യം അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് സമ്മതിക്കണം. എന്നാൽ സർക്കാർ ഇവിടെ പ്രശ്നമുണ്ടെന്ന് സമ്മതിക്കാൻ തയ്യാറാകാതെ പാവം കുട്ടികളെ കുറ്റപ്പെടുത്തുകയാണ്. നിങ്ങൾ ഡീപ്പ് സ്റ്റേറ്റ് ഏജന്റാണെന്നും ചാരന്മാരാണെന്നും ഭീകരവാദികളാണെന്നും അവർ പറയുന്നു," രാഹുൽ വീഡിയോയിൽ വ്യക്തമാക്കുന്നു.

Watch Video

TAGS :

Next Story