'സദസിൽ ഫോട്ടോ ഉയർത്തിപ്പിടിച്ച കുട്ടി, വേദിയിൽ നിന്ന് അത് കാണുന്ന പ്രധാനമന്ത്രി'; ഭാവ്‌നഗറിലും ഉഡുപ്പിയിലും തിരുവനന്തപുരത്തും നടന്നത് സമാന സംഭവം
ഫോട്ടോ വാങ്ങാൻ എസ്പിജിക്ക് നിർദേശം നൽകിയ പ്രധാനമന്ത്രി അഡ്രസ് നൽകിയാൽ കത്തെഴുതാമെന്നും പറഞ്ഞിരുന്നു

- Published:
24 Jan 2026 10:35 PM IST

കോഴിക്കോട്: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് വന്ന് മടങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായത് സദസിൽ തന്റെ ഫോട്ടോ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന കുട്ടിയോട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകളായിരുന്നു. ''സദസിൽ നിന്ന് ഒരു കുട്ടി കുറെ നേരമായി ചിത്രം കാണിക്കുന്നു. നിന്റെ കൈ വേദനിക്കും. ചിത്രം വാങ്ങാൻ എസ്പിജിയോട് പറയുന്നുണ്ട്. ചിത്രത്തിന് പിറകിൽ നിന്റെ അഡ്രസ് എഴുതുക...ഞാൻ കത്തയക്കാം. നിനക്ക് എല്ലാ ആശിർവാദവും നൽകുന്നു. നിങ്ങളുടെ സ്‌നേഹം ഞാൻ തിരിച്ചറിയുന്നു. രാജ്യത്ത് എവിടെ പോയാലും ആ സ്‌നേഹം കാണാം. ഈ കുട്ടികളുടെ സ്‌നേഹത്തെ ഒരിക്കലും നിരാശപ്പെടുത്തില്ല''- എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയിലായിരുന്നു സംഭവം.
തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉയർത്തിപ്പിടിച്ച കുട്ടി
ഇത്തരം സംഭവങ്ങൾ നേരത്തെയും സമാനമായ രീതിയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ നടന്നിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്. 2025 സെപ്റ്റംബർ 20ന് ഗുജറാത്തിലെ ഭാവ്‌നഗറിലായിരുന്നു ഒരു സംഭവം നടന്നത്. മോദിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് നിന്ന ഒരു കുട്ടി പെട്ടെന്ന് കരയുകയും അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു.
ഗുജറാത്തിലെ ഭാവ്നഗറിൽ കഴിഞ്ഞ വർഷം നടന്ന പരിപാടിയിൽ താൻ ഉയർത്തിയ ചിത്രം പ്രധാനമന്ത്രി കണ്ടതിൽ വികാരഭരിതനായി കരയുന്ന കുട്ടി
''ഒരു കൊച്ചുകുട്ടി ഒരു ചിത്രവുമായി ഏറെനേരമായി അവിടെ നിൽക്കുന്നു. അവന്റെ കൈ വേദനിക്കും. ആരെങ്കിലും അവനോട് അത് വാങ്ങണം. അതിന് മുകളിൽ അഡ്രസ് എഴുതുകയാണെങ്കിൽ ഉറപ്പായും ഞാൻ നിനക്ക് കത്തയക്കും. കുട്ടികളുടെ സ്‌നേഹത്തെക്കാൾ വലുതായി ഈ ലോകത്ത് എന്താണ് ഉള്ളത്?''- ഇതായിരുന്നു പ്രധാനമന്ത്രി അന്ന് പറഞ്ഞത്.
2025 സെപ്റ്റംബർ 28ന് കർണാടകയിലെ ഉഡുപ്പിയിലായിരുന്നു മറ്റൊരു സംഭവം നടന്നത്. ഉഡുപ്പിയിൽ നടന്ന 'ലക്ഷ കണ്ഠ ഗീതാ പാരായണ' പരിപാടിയിൽ പ്രസംഗം തുടങ്ങുന്നതിന് മുമ്പ്, കുട്ടികൾ വരച്ച തന്റെ ചിത്രങ്ങൾ ശേഖരിക്കാൻ പ്രധാനമന്ത്രി നിർദേശിക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്ത ജനക്കൂട്ടത്തിനിടയിൽ മോദിയുടെ കാരിക്കേച്ചറുകളുമായി എത്തിയ ഒട്ടേറെ കുട്ടികളുമുണ്ടായിരുന്നു. ഇതിൽ ചില ചിത്രങ്ങൾ ഫ്രെയിം ചെയ്തവയായിരുന്നു. അത്തരമൊരു ചിത്രവുമായി ഒരു പെൺകുട്ടി മീഡിയ എൻക്ലോഷറിനുള്ളിൽ കടന്നിരുന്നു. എന്നാൽ പെൺകുട്ടിയെ ഉള്ളിൽ പ്രവേശിപ്പിച്ചതിന് ഒരു പോലീസ് കോൺസ്റ്റബിളിനെ മുതിർന്ന ഉദ്യോഗസ്ഥൻ ശാസിക്കുകയും കുട്ടിയെ അവിടെനിന്നും പുറത്താക്കുകയും ചെയ്തു.
ഉഡുപ്പിയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉയർത്തിപ്പിടിച്ച കുട്ടി
തന്റെ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, കുട്ടികൾ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് കാണുന്നുണ്ടെന്ന് പറഞ്ഞ ആ ചിത്രങ്ങളെല്ലാം ശേഖരിക്കാൻ എസ്പിജിക്കും പൊലീസിനും നിർദേശം നൽകി.
''കുട്ടികൾ ഏറെ പ്രയത്‌നിച്ചുണ്ടാക്കിയ അവരുടെ കലാസൃഷ്ടികൾ എനിക്ക് നൽകാതെ മടങ്ങിപ്പോകുന്നത് കാണുമ്പോൾ വിഷമം തോന്നും. ദയവായി ചിത്രങ്ങൾക്ക് പിന്നിൽ നിങ്ങളുടെ വിലാസം എഴുതുക. ഞാൻ നിങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കത്ത് അയക്കുന്നതാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ചിത്രം വരച്ച കുട്ടിക്ക് സമ്മാനങ്ങളും അയച്ചു നൽകും''- പ്രധാനമന്ത്രി പറഞ്ഞു.
Adjust Story Font
16
