Quantcast

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും

പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് മുസ്‌ലിം ലീഗ്, അസദുദ്ദീൻ ഉവൈസി, ജയറാം രമേശ്, രമേശ് ചെന്നിത്തല അടക്കം സമർപ്പിച്ച 232 ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്

MediaOne Logo

Web Desk

  • Published:

    30 Oct 2022 9:52 AM GMT

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും
X

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്(സി.എ.എ) എതിരായ ഹരജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദംകേൾക്കുന്നത്. സി.എ.എ നടപ്പാക്കിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യംചെയ്ത് 232 ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്.

അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ സമുദായക്കാർക്ക് പൗരത്വം നൽകുന്നതാണ് 2019ലെ പൗരത്വ ഭേദഗതി നിയമം. 2019 ഡിസംബർ 12നാണ് നിയമം പാർലമെന്റിന്റെ ഇരുസഭകളിലും പാസായത്. 2020 ജനുവരി 10ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനവും പുറത്തിറങ്ങി.

എന്നാൽ, നിയമഭേദഗതി ഭരണഘടനാ വിരുദ്ധവും മുസ്‌ലിം വിരുദ്ധ നീക്കവുമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്ത് വൻ പ്രക്ഷോഭമാണ് അരങ്ങേറിയത്. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്ത മോദി സർക്കാർ നടപടിയെ ചോദ്യംചെയ്ത് നിരവധി പേർ കോടതിയിലുമെത്തി. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗാണ് നിയമത്തിനെതിരെ ആദ്യമായി സുപ്രിംകോടതിയിൽ ഹരജി നൽകുന്നത്. നിയമഭേദഗതിയിലെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി പിന്നീട് നിരവധി കക്ഷികൾ കോടതിയിലെത്തി. ഡി.എം.കെ, അസം ജന പരിഷത്ത്, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി തുടങ്ങിയ പാർട്ടികളും അസദുദ്ദീൻ ഉവൈസി, ജയറാം രമേശ്, രമേശ് ചെന്നിത്തല, മഹുവ മൊയ്ത്ര തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഹരജിക്കാരിൽ ഉൾപ്പെടും.

Summary: The Supreme Court bench headed by Chief Justice U.U Lalit will hear the petitions against the Citizenship Amendment Act (CAA) tomorrow

TAGS :

Next Story