Quantcast

പൗരത്വ നിയമ ഭേദഗതി വൈകും: ആറ് മാസം കൂടി സാവകാശം വേണമെന്ന് കേന്ദ്രം

പാർലമെന്ററി സമിതിയോടാണ് ചട്ടങ്ങൾ രൂപീകരിക്കാൻ സമയം നീട്ടി ചോദിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-08 08:00:05.0

Published:

8 Jan 2023 7:44 AM GMT

പൗരത്വ നിയമ ഭേദഗതി വൈകും: ആറ് മാസം കൂടി സാവകാശം വേണമെന്ന് കേന്ദ്രം
X

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് വൈകും. ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്രം ആറ് മാസം കൂടി സാവകാശം ആവശ്യപ്പെട്ടു. ഇത് ഏഴാം തവണയാണ് ഇക്കാര്യത്തിൽ സമയം നീട്ടി നൽകുന്നത്.

പ്രതിഷേധങ്ങൾക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതി ചട്ടങ്ങളിൽ മാറ്റങ്ങൾ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞതാണ് കാലതാമസത്തിന് കാരണം. പാർലമെന്ററി സമിതിയോടാണ് ചട്ടങ്ങൾ രൂപീകരിക്കാൻ സമയം നീട്ടി ചോദിച്ചത്. രാജ്യസഭ സമിതി ജൂൺ 30 വരെ സമയം നീട്ടി നൽകി. ലോക്‌സഭ സമിതി കാര്യങ്ങൾ പരിശോധിക്കുകയാണ്. നേരത്തെ ഡിസംബർ 31 ന് മുൻപ് ചട്ടങ്ങൾ രൂപീകരിക്കണമെന്ന് രാജ്യസഭ സമിതിയും ജനുവരി 9 ന് മുൻപ് ചട്ടങ്ങൾ രൂപീകരിക്കണമെന്ന് ലോക്‌സഭാ സമിതിയും നിർദേശിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി മൂലമാണ് നിയമത്തിന്റെ ചട്ടങ്ങൾ വൈകുന്നതെന്നാണ് നവംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എന്തു വന്നാലും നിയമം നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹരജികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2019 ഡിസംബറിൽ പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങളിലും കലാപത്തിലും 83 പേർക്ക് ജീവൻ നഷ്ടമായി.

TAGS :

Next Story