Quantcast

'നിങ്ങള്‍ക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനായേക്കും, എന്നാല്‍ ഞങ്ങളെ തുടച്ചുമാറ്റാന്‍ കഴിയില്ല': അഭിജീത് ദിപ്‌കെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് അഭിജീത് ദിപ്‌കെ

MediaOne Logo
cjp abhijeet dipke Jantar Mantar speech
X

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഭിജീത്. ആക്ടിവിസ്റ്റ് സോനം വാങ്ചുക് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. ഇന്നത്തെ പ്രതിഷേധം വൈകീട്ടോടെ അവസാനിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്ന പ്രതിഷേധം എന്നായിരുന്നു സിജെപിക്കെതിരായ പരിഹാസമെന്ന് അഭിജീത് ദിപ്‌കെ പറഞ്ഞു. ഇപ്പോള്‍ ഇതാ ഒരു വലിയ പ്രതിഷേധമായി മാറിയിരിക്കുന്നു. പ്രതിഷേധം ശക്തമായി മുന്നോട്ട് പോകും. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ പ്രതിഷേധം തുടരും. അടുത്ത ശനിയാഴ്ച ജന്തര്‍ മന്ദറില്‍ വീണ്ടും പ്രതിഷേധം നടത്തുമെന്നും ദിപ്‌കെ പറഞ്ഞു.

'ഇതൊരു നീണ്ട പോരാട്ടമാണ്. ധര്‍മേന്ദ്ര പ്രധാന്റെ രാജി നമ്മള്‍ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ട് ഒരുമാസമായിരിക്കുകയാണ്. എന്നാല്‍ നടപടിയെടുക്കുന്നതിനു പകരം നാണമില്ലാത്ത ഇവര്‍ നമ്മുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനുമാണ് ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് ഞങ്ങളുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഇവിടെനിന്നു ഞങ്ങളെ തുടച്ചുമാറ്റാന്‍ നിങ്ങള്‍ക്കാവില്ല' - അഭിജീത് ദിപ്‌കെ പറഞ്ഞു.

കൃത്യമായ പരിശീലനം നല്‍കിയ ശേഷം മാത്രമേ വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കാവൂവെന്ന് സിജെപി ആവശ്യപ്പെട്ടു. മത്സരപരീക്ഷകളില്‍ നീതിയും വിശ്വാസ്യതയും ഉറപ്പാക്കണം. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് പരിഗണനയും ശ്രദ്ധയും നല്‍കണം. മണിപ്പൂരിലെ വിദ്യാഭ്യാസ മേഖലയെ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നും സിജെപി ആവശ്യപ്പെട്ടു.

കനത്ത സുരക്ഷയിലാണ് ജന്തര്‍ മന്ദറില്‍ സിജെപി പ്രതിഷേധം നടന്നത്. ഓരോ പ്രതിഷേധക്കാരെയും പരിശോധിച്ച ചെയ്ത ശേഷമാണ് ജന്തര്‍ മന്ദറിലേക്ക് കടത്തിവിട്ടത്. ആയിരത്തിലേറെ പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. അതിനിടെ, സിജെപിയുടെ പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ബജ്രംഗ്ദളിന്റെ നേതൃത്വത്തില്‍ ശ്രമമുണ്ടായി. 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രവാക്യങ്ങളുമായാണ് ബജ്രംഗ് പ്രവര്‍ത്തകര്‍ എത്തിയത്. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story