Quantcast

സമരം കൂടുതൽ ശക്തമാക്കുമെന്ന് സിജെപി; കൂടുതൽ ആളുകളെ പങ്കെടുപ്പിക്കും

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ കൂടി ജന്തർ മന്ദിറിലേക്ക് എത്തണമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ

MediaOne Logo

റിഷാദ് അലി

  • Updated:

    2026-06-22 01:41:45

Published:

21 Jun 2026 10:28 PM IST

സമരം കൂടുതൽ ശക്തമാക്കുമെന്ന് സിജെപി; കൂടുതൽ ആളുകളെ പങ്കെടുപ്പിക്കും
X

ഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കും നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹി ജന്തർ മന്ദിറിൽ നടത്തുന്ന പ്രതിഷേധം തിങ്കളാഴ്ചയും തുടരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. നാളെ വൈകിട്ട് മെഴുകുതിരി കത്തിച്ചു പ്രതിഷേധം നടത്തും.

വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ സമരത്തിൽ പങ്കാളികളാകുമെന്നും, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ കൂടി ജന്തർ മന്ദിറിലേക്ക് എത്തണമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. സാധാരണ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി സമരം ശക്തമാക്കുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന ഈ സമരത്തിന് നേരെ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത നിരീക്ഷണങ്ങളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമരപ്പന്തലിൽ പ്രതിഷേധക്കാർക്ക് വെള്ളവും പഴങ്ങളും നൽകുന്നവരുടെ തിരിച്ചറിയൽ രേഖകളും വിലാസവും ഡൽഹി പൊലീസ് ശേഖരിക്കുന്നുണ്ടെന്നാണ് സി.ജെ.പി നേതാവ് പറയുന്നത്.

വിദ്യാഭ്യാസ മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട പ്രധാനമന്ത്രിയായി അദ്ദേഹം മാറുമെന്നും അഭിജീത് ദിപ്കെ നേരത്തെ വിമർശിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 5 വരെയാണ് പ്രതിഷേധത്തിന് കോടതി അനുമതി നൽകിയതെങ്കിലും അതിനുശേഷവും പ്രതിഷേധം തുടരുകയായിരുന്നു. പ്രതിഷേധക്കാർക്ക് ഡൽഹി പൊലീസ് കുടിവെള്ളവും ശുചിമുറി സൗകര്യവും നിഷേധിക്കുന്നതായി സിജെപി ആരോപിക്കുന്നുണ്ട്.

അതേസമയം, ധർമേന്ദ്ര പ്രധാനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് കാലാവസ്ഥാ–സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക് വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story