Quantcast

ചർച്ച പരാജയം; വനിതാ മാധ്യമപ്രവര്‍ത്തകരുടെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുക്കാതെ ഡല്‍ഹി പൊലീസ്

പാര്‍ലമെൻ്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് ചര്‍ച്ചക്ക് തയ്യാറാകണമെന്നും ആവശ്യം

MediaOne Logo

Web Desk

  • Updated:

    2026-10-04 13:05:59

Published:

4 Oct 2026 3:21 PM IST

CJP protests against ACP Bhagat over sexual harrasment claims
X

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേസെടുക്കാതെ ഡല്‍ഹി പൊലീസ്. കേസെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നില്‍ സിജെപി നേതാക്കളും ഇടതു സംഘടനാ നേതാക്കളും പ്രതിഷേധിച്ചിരുന്നു. പിന്നാലെ പൊലീസുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ആരോപണം നേരിട്ട എസിപിയെ സംരക്ഷിക്കാനാണ് ഡൽഹി പൊലീസ് ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

ഇന്നലെ ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ വിവേക് ഭഗത് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി ഒരു മാധ്യമപ്രവര്‍ത്തക പരാതിപ്പെട്ടിരുന്നു. സമാനമായ പരാതികള്‍ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരും ഉന്നയിച്ചു. പരാതി നല്‍കിയിട്ടും കേസെടുക്കാൻ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് സിപിഎം നേതാവ് ബൃന്ദ കാരാട്ട്, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ്, സിജെപി നേതാവ് സൗരവ് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരെ കാണാനെത്തിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് ചര്‍ച്ചക്ക് തയ്യാറാകണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

എന്നാല്‍, പൊലീസ് സ്റ്റേഷനുള്ളില്‍ കയറുന്നതില്‍ നിന്നും ഇവരെ തടഞ്ഞു. ഇതോടെ സ്‌റ്റേഷന് പുറത്ത് പ്രതിഷേധം ആരംഭിച്ചു. പൊലീസുമായി കൂടിക്കാഴ്ചക്ക് അവസരം നല്‍കാതെ പിരിഞ്ഞുപോകില്ലെന്ന് സൗരവ് ദാസ് പറഞ്ഞു. ഏറെ നേരത്തെ സമരത്തിനൊടുവില്‍ പ്രതിനിധി സംഘത്തെ പൊലീസ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിച്ചു. ബൃന്ദ കാരാട്ട്, ഐഷി ഘോഷ്, റിഷവ് രഞ്ജന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍, പൊലീസുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതികള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും തുടര്‍നടപടികളെന്നാണ് പൊലീസ് അറിയിച്ചത്.

ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധം

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പൊലീസിന്റെ ലൈംഗികാതിക്രമത്തില്‍ ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധവുമായെത്തി. പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ വിവേക് ഭഗതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ഇന്ത്യാ ഗേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

TAGS :

Next Story