മുദ്രാവാക്യം വിളി സംഘർഷമായി; പൊലീസ് സ്റ്റേഷന് മുന്നിൽ ഏറ്റുമുട്ടിയ ഒമ്പത് പേർ പിടിയിൽ
സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു

- Published:
21 April 2026 1:58 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ കൊൽക്കത്തയിൽ ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. എക്ബാൽപുർ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇരു പാർട്ടികളിലുമായി ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച കൊൽക്കത്തയിലെ ഹുസൈൻ ഷാ റോഡിൽ ബിജെപി സ്ഥാനാർത്ഥി രാകേഷ് സിംഗ് നയിച്ച പരിപാടിക്കിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്ക് മറുപടിയായി തൃണമൂൽ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. വൈകാതെ ഇത് വലിയൊരു സംഘർഷമായി. ആക്രമണത്തിൽ അഞ്ച് ബിജെപി പ്രവർത്തകരെയും നാല് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെയുമാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിരിക്കെ മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയും തമ്മിലുള്ള വാക്‌പോരും രൂക്ഷമാണ്. തന്റെ പ്രചാരണം തടസ്സപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന് മമത ആരോപിച്ചു. വിമാനം ബോധപൂർവ്വം വൈകിപ്പിച്ചുവെന്നും കേന്ദ്ര ഏജൻസികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് തൃണമൂൽ പ്രവർത്തകരെ വേട്ടയാടുന്നുവെന്നുമാണ് മമതയുടെ പ്രധാന പരാതി.
പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 23 നും ഏപ്രിൽ 29 നുമാണ് തെരഞ്ഞെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണൽ. വോട്ടെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Adjust Story Font
16
