'പത്താം ക്ലാസില്‍ തോറ്റു,ജോലി ഉന്നതബിരുദമുള്ള ഡോക്ടര്‍'; രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെ വ്യാജ ഡോക്ടര്‍ പിടിയില്‍
അലോപ്പതി മരുന്നുകളുടെയും സിറിഞ്ചുകളുടെയും വൻ ശേഖരം, സ്റ്റെതസ്കോപ്പുകൾ, ചെറിയ ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന മറ്റ് വിവിധ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്

- Published:
16 March 2026 2:56 PM IST

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ അനധികൃത ചികിത്സാ ക്ലിനിക് നടത്തിയതിന് 40കാരന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ നാദിയ സ്വദേശിയായ സഞ്ജിത് നിൽകോമൾ ബിശ്വാസ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ പത്താം ക്ലാസില്‍ തോറ്റയാളാണെന്നും മെഡിക്കല്‍ ബിരുദം പോലുമില്ലാതെ രോഗികളെ ചികിത്സിച്ചിരുന്നതായും പൊലീസ് പറയുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർമാരും അടങ്ങുന്ന സംയുക്ത ടാസ്‌ക് ഫോഴ്‌സാണ് പരിശോധന നടത്തിയത്. ബിശ്വാസ് രോഗികളെ പരിശോധിക്കുന്നതിനിടെയാണ് പൊലീസ് പരിശോധനക്കെത്തുന്നത്. ഔപചാരിക മെഡിക്കൽ വിദ്യാഭ്യാസമോ ലൈസൻസോ ഇല്ലാത്ത ഇയാള്‍ ഉന്നത ബിരുദമുള്ള ഡോക്ടറായി നാട്ടുകാരെ പറ്റിച്ചുവരികയാണെന്നും അധികൃതര്‍ പറയുന്നു. ഇയാള്‍ രോഗികള്‍ക്ക് അലോപ്പതി മരുന്നുകളും കുത്തിവെപ്പുകളുമടക്കമുള്ള ചികിത്സകള്‍ നടത്തിവരുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
അലോപ്പതി മരുന്നുകളുടെയും സിറിഞ്ചുകളുടെയും വൻ ശേഖരം, സ്റ്റെതസ്കോപ്പുകൾ, ചെറിയ ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന മറ്റ് വിവിധ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അടിസ്ഥാനപരമായ അറിവുകള്‍ പോലുമില്ലാതെ കുത്തിവെപ്പുകള്‍ അടക്കം നല്‍കുകയും നിയന്ത്രിത മരുന്നുകള്‍ പോലും നല്‍കുന്നത് മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും രോഗികളുടെ ജീവന്‍ വെച്ചാണ് ഇയാള്‍ ഇത്ര നാളും ക്ലിനിക്ക് നടത്തിവന്നിരുന്നതെന്നും പൊലീസ് പറയുന്നു.
ബിശ്വാസ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ക്ലിനിക് എത്ര കാലമായി പ്രവർത്തിച്ചു വരികയാണെന്നും ലൈസൻസില്ലാത്ത വ്യക്തിക്ക് മെഡിക്കൽ ഗ്രേഡ് മരുന്നുകൾ നൽകിയ വിതരണക്കാരെ തിരിച്ചറിയാനുള്ള പരിശോധനകള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16
