ജയ്പൂരിൽ നാലാം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു; സ്കൂൾ അധികൃതർക്കെതിരെ ആരോപണം
ജയ്പൂരിലെ നീർജ മോദി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി അമൈറയാണ് മരിച്ചത്

ജയ്‌പൂർ: ജയ്പൂരിൽ നീർജ മോദി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. നവംബർ 1 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച്, സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി ഒരു റെയിലിംഗിൽ നിന്ന് താഴേക്ക് വീഴുന്നത് കാണാമായിരുന്നു. ഏകദേശം 47 അടി താഴ്ചയിൽ നിന്നുള്ള വീഴ്ചയാണ് മരണകാരണം. മാനസരോവറിലെ ദ്വാരക അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന വിജയ് കുമാറിന്റെ മകൾ അമൈറയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, കുട്ടി വീണ സ്ഥലത്തെ രക്തക്കറ സ്കൂൾ അധികൃതർ വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ചതായി മാതാപിതാക്കൾ ആരോപിച്ചു. സ്കൂൾ അധികൃതരുടെ പേരിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടതായി ആരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിടത്തിൽ നിന്ന് വീണ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
പെൺകുട്ടിയുടെ ക്ലാസ് മുറി താഴത്തെ നിലയിലായിരുന്നുവെന്നും കുട്ടി എങ്ങനെ നാലാം നിലയിലെത്തി എന്നതിൽ ദുരൂഹതയുണ്ടെന്നും പൊലീസ് വൃത്തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദ്യാർഥിനിയെ പഠനത്തിന്റെ പേരിൽ അധ്യാപകർ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും നിരവധി മാതാപിതാക്കളും സഹപാഠികളും ആരോപിച്ചു.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Adjust Story Font
16

