Quantcast

തകര്‍ന്നു വീഴുന്നതിന് മുമ്പ് എടിസിയിലേക്ക് സഹപൈലറ്റിന്റെ അടിയന്തരസന്ദേശം; പിന്നാലെ അപകടം

അടിയന്തര സന്ദേശത്തിന് മറുപടി നല്‍കിയെങ്കിലും വിമാനത്തില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്ന് ഡിജിസിഎ

MediaOne Logo

Web Desk

  • Published:

    12 Jun 2025 3:54 PM IST

തകര്‍ന്നു വീഴുന്നതിന് മുമ്പ് എടിസിയിലേക്ക് സഹപൈലറ്റിന്റെ അടിയന്തരസന്ദേശം; പിന്നാലെ അപകടം
X

അഹമ്മദാബാദ്: ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് സഹപൈലറ്റ് എടിസിയിലേക്ക് അടിയന്തര സഹായത്തിനായി ബന്ധപ്പെട്ടിരുന്നുവെന്ന് (mayday) ഡയറക്ട്‌റേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍. എന്നാല്‍ അതിന് ശേഷം വിമാനത്തില്‍ നിന്ന് യാതൊരുവിധ മറുപടിയും ലഭിച്ചില്ലെന്ന് ഡിജിസിഎ. അടിയന്തര സന്ദേശം ലഭിച്ചെങ്കിലും തിരിച്ച് എടിസിയില്‍ നിന്നുണ്ടായ കോളുകള്‍ക്ക് ഒന്നും വിമാനത്തില്‍ നിന്നും മറുപടി ലഭിച്ചില്ല എന്നാണ് ഡിജിസിഎയുടെ പ്രസ്താവനയില്‍ പറയുന്നത്. അടിയന്തര സന്ദേശത്തിന് ഉടന്‍ മറുപടി നല്‍കിയിരുന്നുവെന്നും ഡിജിസിഎ പ്രസ്താവനയില്‍ പറയുന്നു. ഗുരുതരമായ സാഹചര്യങ്ങളില്‍ വിമാനത്തില്‍ നിന്ന് ലഭിക്കുന്ന സന്ദേശമാണ് മേഡേ.

എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് വിമാനം തകര്‍ന്നുവീണത്. അപകടസ്ഥലത്ത് നിന്നും കറുത്ത പുക ഉയരുന്നതാണ് ശ്രദ്ധയില്‍പെട്ടതെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും കണ്ടുനിന്നവരും പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ സാങ്കേതിക തകരാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് എത്തി, അവിടെ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തി. ആഭന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളം അടച്ചു. വൈകിട്ട് അഞ്ചുവരെയാണ് വിമാനത്താവളം അടച്ചത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

TAGS :

Next Story