ഭരണകൂടത്തോടുള്ള ജനരോഷത്തിന്റെ തെളിവാണ് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ജനപ്രീതി -പ്രശാന്ത് കിഷോർ
നിലവിൽ ഇതൊരു സോഷ്യൽ മീഡിയ കാമ്പെയ്ൻ മാത്രമാണ്. ഇതിന്റെ ദ്രുതഗതിയിലുള്ള വളർച്ച കാണിക്കുന്നത് നിലവിലെ ഭരണസംവിധാനത്തിലുള്ള പൊതുജനങ്ങളുടെ അവിശ്വാസമാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു

- Published:
24 May 2026 11:04 AM IST

പട്‌ന: രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ, അഴിമതി, വിലക്കയറ്റം എന്നിവയിൽ ജനങ്ങൾക്കുള്ള കടുത്ത അതൃപ്തിയുടെ തെളിവാണ് കോക്രോച്ച് ജനത പാർട്ടി എന്ന ഡിജിറ്റൽ കൂട്ടായ്മക്ക് ലഭിക്കുന്ന ജനപിന്തുണയെന്ന് മുൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനനും ജൻ സൂരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ.
നിലവിൽ ഇതൊരു സോഷ്യൽ മീഡിയ കാമ്പെയ്ൻ മാത്രമാണ്. ഇതിന്റെ ദ്രുതഗതിയിലുള്ള വളർച്ച കാണിക്കുന്നത് നിലവിലെ ഭരണസംവിധാനത്തിലുള്ള പൊതുജനങ്ങളുടെ അവിശ്വാസമാണ്. ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകദേശം രണ്ട് കോടിയോളം ആളുകളാണ് ഈ കൂട്ടായ്മയിൽ പങ്കാളികളായിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, 2029-ലെ പൊതുതെരഞ്ഞെടുപ്പിനെ ഈ നീക്കം സ്വാധീനിക്കുമോ എന്ന ചോദ്യത്തിന്, അത് കണ്ടുതന്നെ അറിയണമെന്നും എന്നാൽ ജനങ്ങളുടെ ഈ പ്രതികരണം സർക്കാരിനെ ആശങ്കപ്പെടുത്തേണ്ട ഒന്നാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
എന്താണ് 'കോക്രോച്ച് ജനതാ പാർട്ടി'?
കഴിഞ്ഞ ആഴ്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കേസ് പരിഗണിക്കുന്നതിനിടെ നടത്തിയ ചില പരാമർശങ്ങളിൽ നിന്നാണ് ഇത്തരത്തിലൊരു സോഷ്യൽമീഡിയ ക്യാമ്പയിൻ രൂപപ്പെടുന്നത്. എന്നാൽ, താൻ ഉദ്ദേശിച്ചത് വ്യാജ ബിരുദങ്ങളുമായി നിയമരംഗത്തേക്ക് കടന്നു വരുന്നവരെ കുറിച്ചാണെന്നും വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പിന്നീട് വ്യക്തത വരുത്തി. അഭിജീത് ദീപ്‌കെ എന്നയാൾ രൂപം നൽകിയ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ നയം, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ പരിഹാസാത്മകമായ മീമുകളിലൂടെയും ട്രോളുകളിലൂടെയും യുവാക്കൾക്കിടയിൽ മണിക്കൂറുകൾക്കിടയിൽ തരംഗമാവുകയായിരുന്നു.
വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതോടെ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ ബാൻ ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ 'കോക്രോച്ചസ് ഡോണ്ട് ഡൈ' എന്ന ടാഗ് ലൈനുമായി 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ പുതിയ ഹാൻഡിൽ പ്രത്യക്ഷപ്പെട്ടു. തന്റെ വ്യക്തിഗത ഇൻസ്റ്റാഗ്രാം അക്കൗണ്ടും കൂട്ടായ്മയുടെ സോഷ്യൽ മീഡിയ പേജുകളും വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെടുകയോ അധികൃതർ തടയുകയോ ചെയ്തിരിക്കുകയാണെന്ന് സ്ഥാപകൻ അഭിജീത് ദീപ്‌കെ വ്യക്തമാക്കിയിരുന്നു. ഇനി വരുന്ന പോസ്റ്റുകൾ പാർട്ടിയുടെ ഔദ്യോഗിക പ്രതികരണങ്ങളായി കണക്കാക്കരുതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Adjust Story Font
16
