Quantcast

ആസാദ് കാശ്മീർ പരാമർശം: കെ.ടി. ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി

കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പരാതി പിൻവലിക്കില്ലെന്നു പരാതിക്കാരൻ അഡ്വ. ജി.എസ്. മണി

MediaOne Logo

Web Desk

  • Updated:

    2022-08-13 11:22:50.0

Published:

13 Aug 2022 10:33 AM GMT

ആസാദ് കാശ്മീർ പരാമർശം: കെ.ടി. ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി
X

ന്യൂഡൽഹി: ഫേസ്ബുക് പോസ്റ്റിലെ ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി. ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി. ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ അഡ്വ. ജി.എസ്. മണിയാണ് പരാതി നൽകിയത്. കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പരാതി പിൻവലിക്കില്ലെന്നു പരാതിക്കാരൻ വ്യക്തമാക്കി. പരാതി നൽകിയത് പോസ്റ്റ് പിൻവലിക്കാനല്ലെന്നും കെടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാനാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ പരമാർശമുള്ള പോസ്റ്റ് പിൻവലിച്ചതായി ജലീൽ എഫ്.ബിയിലൂടെ തന്നെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരാതിയിൽ നിന്ന് പിറകോട്ട് പോകില്ലെന്ന് മണി പറഞ്ഞത്.

പാക്ക് അധീന കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ന്യായീകരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ രംഗത്ത് വന്നിരുന്നു. ഇരട്ട ഇൻവർട്ടഡ് കോമയിലാണ് വിവാദ പരാമർശം നടത്തിയതെന്നാണ് ജലീൽ വ്യക്തമാക്കിയിരിക്കുന്നത്. പാക്ക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്നു വിശേഷിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. നിലവിൽ കശ്മീരിൽ സന്ദർശനത്തിലാണ് അദ്ദേഹമുള്ളത്.

പരാമർശം വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് ജലീൽ പ്രതികരിച്ചിരിക്കുന്നത്. ഒറ്റവരിയിൽ ന്യായീകരണം ഒതുക്കുകയും ചെയ്തു. ''ഡബിൾ ഇൻവർട്ടഡ് കോമയിൽ 'ആസാദ് കശ്മീർ' എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം'' എന്നാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കശ്മീർയാത്രാ അനുഭവങ്ങൾ പങ്കുവച്ച കുറിപ്പിന്റെ ഒടുവിൽ വാൽക്കഷണം എന്ന അടിക്കുറിപ്പോടെയാണ് ഇക്കാര്യം ചേർത്തിരിക്കുന്നത്.

ഇന്നലെയാണ് കശ്മീർയാത്രാ അനുഭവങ്ങൾ ജലീൽ ഫേസ്ബുക്കിൽ പോസ്റ്റായി പങ്കുവച്ചത്. ഇതിലാണ് പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീർ എന്ന് അറിയപ്പെട്ടുവെന്ന് സൂചിപ്പിച്ചത്. ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന കശ്മീരെന്നും കുറിപ്പിൽ പറയുന്നുണ്ട്.

നിയമസഭയുടെ പ്രവാസി ക്ഷേമകാര്യ സമിതിയുടെ ഇതര സംസ്ഥാന നിയമസഭാ സന്ദർശനങ്ങളുടെ ഭാഗമായാണ് ജലീൽ കശ്മീരിലെത്തിയത്. സമിതി ചെയർമാനായ മുൻ മന്ത്രി എ.സി മൊയ്തീനാണ് യാത്രയ്ക്കു നേതൃത്വം നൽകുന്നത്. യാത്രയുടെ ഭാഗമായി പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ എം.എൽ.എമാർ സന്ദർശിച്ചിരുന്നു.

കശ്മീർ വിഷയത്തിൽ കെടി ജലീൽ നടത്തിയ പരാമർശം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജലീലിന്റേത് ദേശീയ താൽപര്യത്തിന് വിരുദ്ധമായ നിലപാടാണെന്നും മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും അറിവോടെയാണോ പരാമർശമെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

കെ.ടി ജലീലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കശ്മീരിന്റെ ശക്തിയും ദൗർബല്യവും അതിന്റെ സൗന്ദര്യമാണ്. കശ്മീരിന്റെ അനുഗ്രഹവും ശാപവും അതിന്റെ മനോഹാര്യതയാണ്. ആരെയും മോഹിപ്പിക്കുന്ന വശ്യതയാണ് കശ്മീരിന്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനഗറിൽനിന്ന് 96 കിലോമീറ്റർ യാത്ര ചെയ്താണ് 11.30ന് പഹൽഗാമിലെത്തിയത്. 'പഹൽ' എന്ന വാക്കിന്റെ അർത്ഥം ആട്ടിടയൻ എന്നാണ്. 'ഗാം' എന്നാൽ ഗ്രാമമെന്നും. 'ഇടയഗ്രാമ'ത്തിൽ ഞങ്ങൾ അധികവും കണ്ടതുപക്ഷെ, കുതിരകളെയാണ്. വിനോദസഞ്ചാരികൾ കുതിരസവാരിക്ക് തിരഞ്ഞെടുക്കുന്ന സ്ഥലമാണിത്.

അനന്ത്നാഗ് ജില്ലയിലാണ് പഹൽഗാം സ്ഥിതിചെയ്യുന്നത്. കശ്മിരിലെ അത്യാകർഷണീയ ടൂറിസ്റ്റ് കേന്ദ്രമാണിവിടം. താഴ്വാരങ്ങളുടെ പട്ടണവും കൂടിയാണിത്. ആകാശത്തോളം ഉയർന്നുനിൽക്കുന്ന മലനിരകളിൽനിന്ന് ഉറവപൊട്ടി പാലാഴി തീർത്തൊഴുകുന്ന ലിഡെർ നദിയുടെ തീരത്താണ് പഹൽഗാം നീണ്ടുനിവർന്നു നിൽക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 2,200 മീറ്റർ ഉയരത്തിലാണീ പട്ടണം. എല്ലാ വർഷവും ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് യാത്രയുടെ തുടക്കം പഹൽഗാാമിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള ചന്ദൻവാരിയിൽനിന്നാണ്.

ജമ്മു കശ്മിരിൽ ഒരു ഗുഹയിൽ സ്ഥാപിതമായ ഹൈന്ദവ ദേവാലയമാണ് അമർനാഥ് ഗുഹാക്ഷേത്രം. ശ്രീനഗറിൽനിന്ന് 136 കിലോമീറ്റർ വടക്കുകിഴക്കു ഭാഗത്തായി സമുദ്രനിരപ്പിൽനിന്ന് 13,000 അടി ഉയരത്തിലാണ് ലോകപ്രശസ്തമായ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് ഹൈന്ദവവിശ്വാസികൾ ഇതിനെ വിളിക്കുന്നത്. ഗുഹയിൽ ജലം ഇറ്റുവീണ് ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ പരിണമിച്ചുവെന്നാണ് ഐതിഹ്യം. വേനൽക്കാലത്ത് മഞ്ഞുരുകി ശിവലിംഗം അപ്രത്യക്ഷമാകും. 400 വർഷം മുമ്പാണ് ഈ ഗുഹയും ഹിമലിംഗവും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ആരാധനയും തുടങ്ങി.

അമർനാഥ് ക്ഷേത്രത്തിൽ എത്തിപ്പെടുക എളുപ്പമല്ല. ജീവൻ പണയപ്പെടുത്തി വേണം ഹിമലിംഗ ദർശനത്തിനുള്ള യാത്ര. മണ്ണിടിച്ചിലും പ്രകൃതി ദുരന്തവും പതിവാണ്. വിശ്വാസം ആഴത്തിൽ വേരൂന്നിയവർക്കേ ഗുഹാക്ഷേത്ര സന്ദർശനം സാധ്യമാകൂ. എൺപതാം വയസ്സിൽ അമർനാഥ് യാത്ര നടത്തിയ എടപ്പാൾ സ്വദേശി കുട്ടികൃഷ്ണൻ നായരെ എനിക്ക് നേരിട്ടറിയാം. ദിവസങ്ങൾക്കുമുൻപാണ് അദ്ദേഹത്തിന്റെ നൂറ്റി ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.

പഹൽഗാമിൽനിന്ന് മടങ്ങവെ 'ആകാംക്ഷയുടെ താഴ്വരയിലും'(ബേതാ വാലി) ഒരോട്ടപ്രദക്ഷിണം നടത്തി. പർവതങ്ങളുടെ മടിത്തട്ടിലിലാണ് 'ബേതാ വാലി' പണിതിരിക്കുന്നത്. മലമുകളിലെ ഇടതൂർന്ന കാടുകളിലേക്ക് വേണ്ടവർക്ക് പോകാം. കുതിരപ്പുറത്ത് നദി മുറിച്ചുകടക്കാം. താഴ്വാരത്തിലൂടെ ഒഴുകുന്ന അരുവിയിലിറങ്ങി ഉല്ലസിക്കാം. അരമണിക്കൂർ കൊണ്ട് എല്ലാം കണ്ടെന്നു വരുത്തി ശ്രീനഗറിലേക്ക് മടങ്ങി. യാത്രയ്ക്കിടെ ഒരാപ്പിൾ തോട്ടത്തിലും കയറി. രണ്ട് മണിക്കൂർ മുമ്പ് പറിച്ചെടുത്ത ജീവൻ തുടിക്കുന്ന ആപ്പിൾ കഴിച്ചു. മിനിവാനിൽ കയറുന്നതിന് തൊട്ടുമുൻപ് രണ്ടരയേക്കർ ആപ്പിൾതോട്ടം പരിപാലിക്കുന്ന ഊർജ്ജസ്വലയായ സഹോദരി എവിടെനിന്നാണെന്ന് ചോദിച്ചു. കേരളത്തിൽനിന്നാണെന്ന് ഞാൻ മറുപടി നൽകി. ഷക്കീലാ ഭട്ടിന് ആവേശം വർധിച്ചു.

തിരുവനന്തപുരത്ത് ട്രേഡ് യൂനിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നിട്ടുണ്ടെന്ന് അവർ മൊഴിഞ്ഞു. 'ട്രേഡ് യൂനിയന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോ?' ഞാൻ തിരക്കി. നിറഞ്ഞ ചിരിയോടെ 'സി.പി.ഐ(എം)' എന്ന് ബട്ട് മറുപടി പറഞ്ഞു. ഞങ്ങളും സി.പി.ഐ(എം)കാരാണെന്നറിഞ്ഞപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ സന്തോഷം അനൽപ്പമാണ്. ചെയർമാൻ എ.സി മൊയ്തീനും ഞങ്ങളുടെ സംഭാഷണത്തിൽ പങ്കുചേർന്നു. മുഹമ്മദ് തരിഗാമി എം.എൽ.എയെ അടുത്ത പരിചയമാണെന്നും അവർ പറഞ്ഞു. 'കോംറേഡ്' എന്നു വിളിച്ച് ആഹ്ലാദത്തോടെ അവരും സഹോദരിയും മക്കളും ഗുഡ്ബൈ പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.

വൈകുന്നേരം ഏഴരയോടെ ശ്രീനഗറിലെ എം.എൽ.എ ക്വാർട്ടേഴ്സിലെ താമസസ്ഥലത്തെത്തി. നീണ്ടയാത്ര കഴിഞ്ഞ് എല്ലാവരും ക്ഷീണിച്ചിരുന്നു. ലൈസൺ ഓഫീസർ സജാതിനെയും കൂട്ടി ചരിത്രപ്രസിദ്ധമായ 'ഹസ്റത്ത് ബാൽ' പള്ളിയിലേക്ക് പുറപ്പെട്ടു. പ്രവാചകൻ മുഹമ്മദ് നബിയുടെ തിരുശേഷിപ്പെന്ന് കരുതപ്പെടുന്ന 'വിശുദ്ധകേശം' സൂക്ഷിക്കുന്ന പ്രമുഖ കേന്ദ്രമാണ് ശ്രീനഗറിലെ 'ഹസ്‌റത്ത് ബാൽ' മസ്ജിദ്. ഹസ്‌റത് എന്നാൽ ആദരണീയം എന്നാണ് ഉറുദു ഭാഷയിൽ അർത്ഥം. 'ബാൽ' എന്നാൽ കേശമെന്നും. അങ്ങനെയാണ് പ്രസ്തുത കേന്ദ്രം ഹസ്റത്ത് ബാലായത്.

'ആസാറെ ശരീഫ്'(തിരുശേഷിപ്പ്), 'അൽ മദീനത്തുസ്സാനിയ' (രണ്ടാം മദീന) എന്നീ പേരുകളിലും ഹസ്റത്ത്ബാൽ അറിയപ്പെടുന്നു. ഈ മസ്ജിദ് നർമിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്. മുഗൾ ചക്രവർത്തി ഷാജഹാന്റെ സൈനിക ഉദ്യോഗസ്ഥനായ സ്വാദിഖ് ഖാൻ 1623ൽ ഭംഗിയുള്ള പൂന്തോട്ടവും നടുവിൽ ഒരു മനോഹരമായ വിശ്രമകേന്ദ്രവും പണിതു. 1634ൽ ഇവിടം സന്ദർശിച്ച ഷാജഹാൻ ചക്രവർത്തി വിശ്രമകേന്ദ്രത്തിന്റെ സൗകുമാര്യം കണ്ട് അത് മസ്ജിദാക്കി മാറ്റി. മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലിൽ സൂക്ഷിച്ച തിരുകേശം കശ്മീരിലെത്തിയത്. 1635ൽ മദീനയിൽ നിന്നുവന്ന് ബീജാപൂരിൽ താമസമാക്കിയ സയ്യിദ് അബ്ദുല്ലയാണ് തിരുശേഷിപ്പ് ഇന്ത്യയിലെത്തിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ സയ്യിദ് ഹാമിദ് ഈ തിരുകേശം കശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാൾക്ക് കൈമാറിയെന്നാണ് പരമ്പരാഗത വിശ്വാസം.

ഔറംഗസീബിന്റെ കാലത്ത് കശ്മീരിൽ എത്തിയ തിരുകേശം ആദ്യം സൂക്ഷിച്ചത് നഗരത്തിലെ തന്നെ പ്രമുഖ തീർഥാടനകേന്ദ്രമായ 'നഖ്ശബന്ത് സാഹിബ്' ദർഗയിലാണ്. തിരുശേഷിപ്പ് കാണാൻ ദിനേന ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉൾക്കൊള്ളാൻ ഇവിടം കഴിയാതെ വന്നു. ലാൽ തടാകത്തിനു സമീപം ഷാജഹാൻ പണികഴിപ്പിച്ച വിശാലമായ വിശ്രമകേന്ദ്രത്തിലേക്ക് തിരുകേശം മാറ്റാൻ ഔറംഗസീബ് നിർദേശിച്ചു. വെള്ള മാർബിളിൽ പണിത ഹസ്റത്ത് ബാൽ മസ്ജിദ് അങ്ങനെ ലോകശ്രദ്ധ നേടി. 1980ൽ അന്നത്തെ കശ്മീർ മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ഹസ്‌റത്ത് ബാൽ ഇന്നു കാണുംവിധം പുതുക്കിപ്പണിതു.

കശ്മീരിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുകേശ പ്രദർശനം. 1963 ഡിസംബറിൽ തിരുകേശം അപ്രത്യക്ഷമായത്രെ. വാർത്ത നാട്ടിൽ കാട്ടുതീ പോലെ പരന്നു. ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി. അവാമി ആക്ഷൻ കമ്മിറ്റി എന്ന പേരിൽ ഒരു സമരസമിതി രൂപീകരിക്കപ്പെട്ടു. പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുമെന്ന് വന്നു. പന്തിയല്ലെന്നു കണ്ട പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രശ്നത്തിൽ ഇടപെട്ടു. 1963 ഡിസംബർ 31ന് അദ്ദേഹം രാജ്യത്തെ പ്രത്യേകമായി അഭിസംബോധന ചെയ്തു. എന്തുവിലകൊടുത്തും കാണാതായ തിരുകേശം തിരിച്ചെത്തിക്കുമെന്ന് നെഹ്റു രാജ്യത്തിന് ഉറപ്പുനൽകി. അതോടെ ജനം ശാന്തമായി. നിയമപാലകരുടെ ശക്തമായ തിരച്ചിലിനൊടുവിൽ 1964 ജനുവരി നാലിന് കാണാതായ തിരുകേശം കണ്ടെത്തി. ബന്ധപ്പെട്ടവർ ആധികാരികത സ്ഥിരീകരിച്ചു.

നഷ്ടപ്പെട്ടുവെന്ന് കരുതിയ തിരുകേശം ''ഹസ്‌റത് ബാൽ' മസ്ജിദിൽ തിരിച്ചെത്തിച്ചു. ഹസ്റത്ത് ബാൽ പള്ളിയിൽ തിരുകേശം വലിയ അടച്ചുറപ്പിൽ മുകൾ ഭാഗത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു പ്രദേശവാസി ചോദ്യത്തിനുത്തരമായി പറഞ്ഞു. രാപ്പകൽ ഭേദമില്ലാതെ സജീവമാണ് ഹസ്റത്ത് ബാൽ മസ്ജിദ്.

വാൽക്കഷണം: ഡബിൾ ഇൻവർട്ടഡ് കോമയിൽ 'ആസാദ് കാശ്മീർ' എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം.



Complaint against KT Jaleel in Delhi Police on reference to Azad Kashmir in the Facebook post

TAGS :

Next Story