'ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കി'; ഇഗ്‌നോ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതികള്‍
ജൂണ്‍-ജൂലൈ ടേം-എന്‍ഡ് പരീക്ഷകളുടെ (TEE) ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായാണ് പരാതി

ന്യൂഡല്‍ഹി: ഇഗ്‌നോ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതികള്‍. ജൂണ്‍-ജൂലൈ ടേം-എന്‍ഡ് പരീക്ഷകളുടെ (TEE) ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായാണ് ആക്ഷേപം. ടെലഗ്രാമില്‍ ഇഗ്‌നോയുടെ ചോദ്യപേപ്പര്‍ വില്‍പനയ്ക്ക് വെച്ചിരുന്നതായാണ് വിവരം.
ചോദ്യപേപ്പറുകള്‍ പ്രചരിപ്പിച്ച ഏതാനും ടെലഗ്രാം ഗ്രുപ്പുകള്‍ ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കിയെന്നും ആരോപണമുണ്ട്. മാക്രോ ഇക്കണോമിക്‌സ് ഉള്‍പ്പെടെ ഒന്നിലധികം വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് ടെലഗ്രാമില്‍ പ്രചരിച്ചത്.
ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ ഇഗ്‌നോ അധികൃതര്‍ക്ക് മെയില്‍ അയച്ചു. സമാനമായി ലഭിച്ച മുഴുവന്‍ പരാതികളും ഇഗ്‌നോ പൊലീസിന് കൈമാറി. ചോദ്യപേപ്പറുകള്‍ പങ്കിടരുതെന്നും അങ്ങനെയുണ്ടാല്‍ പരീക്ഷ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശം ലഭിച്ചതായും പരാതിയുണ്ട്.
എന്നാല്‍ ഇഗ്‌നോ ഇതുവരെ ഒരു ചോദ്യപേപ്പറും റദ്ദാക്കിയിട്ടില്ല. പേപ്പര്‍ ചോര്‍ന്നതിന് തെളിവുകളില്ലെന്നാണ് ഇഗ്‌നോയുടെ വാദം. ചോദ്യപേപ്പറുകള്‍ സെന്റര്‍ സൂപ്രണ്ടുമാരുടെ സ്വകാര്യ കസ്റ്റഡിയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ കേന്ദ്രങ്ങള്‍ക്കും ഇഗ്‌നോ നിര്‍ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്.
ഇതിനിടെ, പിജി പരീക്ഷക്കായി രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളില്‍ ഇഗ്നോ തെറ്റായ ചോദ്യപേപ്പറുകളാണ് വിതരണം ചെയ്തതെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണവും ഇഗ്‌നോ നിഷേധിച്ചു. തെറ്റായ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് ഇതുവരെ പരീക്ഷ നടത്തിയിട്ടില്ലെന്ന് ഇഗ്‌നോ പ്രതികരിച്ചു.
ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 21 വരെയാണ് ഇഗ്‌നോയുടെ ജൂണ്‍-ജൂലൈ മാസങ്ങളിലെ യുജി, പിജി പരീക്ഷകള്‍ നടക്കുന്നത്. 2000ത്തോളം കോഴ്സുകള്‍ നല്‍കുന്ന ഇഗ്‌നോയുടെ 900ലധികം വരുന്ന പരീക്ഷാ കേന്ദ്രങ്ങളിലായി ഒമ്പത് ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ടെലഗ്രാം താത്കാലികമായി നിരോധിച്ചതിന് പിന്നാലെയാണ് ഇഗ്‌നോയും വിവാദത്തിലാകുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനാണ് ടെലഗ്രാമിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്.
Adjust Story Font
16

