Quantcast

'ആത്മവിശ്വാസവും പോസും വേറെ ലെവല്‍': രാഹുലിനെ പ്രശംസിച്ച് നാഗാലാൻഡ് ബി.ജെ.പി അധ്യക്ഷൻ

രാഹുൽ ഗാന്ധിയുടെ യു.കെ പര്യടനത്തെക്കുറിച്ചുള്ള ബി.ജെ.പി-കോൺഗ്രസ് വാക്പോര് തുടരുന്നതിനിടെയാണ് പ്രശംസ

MediaOne Logo

Web Desk

  • Updated:

    2023-03-08 11:46:11.0

Published:

8 March 2023 11:42 AM GMT

Confidence pose next level Nagaland BJP Chief  Temjen Imna Along praises Rahul Gandhi
X

Rahul Gandhi, Temjen Imna Along 

കൊഹിമ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലണ്ടനില്‍ നിന്നുള്ള ഫോട്ടോയെ പ്രശംസിച്ച് ബി.ജെ.പിയുടെ നാഗാലാന്‍ഡിലെ അധ്യക്ഷന്‍ ടെംജെൻ ഇമ്ന അലോങ്. രാഹുൽ ഗാന്ധിയുടെ യു.കെ പര്യടനത്തെക്കുറിച്ചുള്ള ബി.ജെ.പി-കോൺഗ്രസ് വാക്പോര് തുടരുന്നതിനിടെയാണ് പ്രശംസ എന്നതാണ് ശ്രദ്ധേയം. രാഹുലിന്‍റെ ആത്മവിശ്വാസത്തെയും ശൈലിയെയുമാണ് ബി.ജെ.പി നേതാവ് അഭിനന്ദിച്ചത്.

"സമ്മതിക്കണം, ഫോട്ടോ കൊള്ളാം. ആത്മവിശ്വാസവും പോസും വേറെ ലെവല്‍"- എന്നാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത രാഹുലിന്‍റെ ഫോട്ടോയ്ക്ക് താഴെ ടെംജെൻ ഇമ്ന അലോങ് കമന്‍റിട്ടത്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പ് കോപ്പിയടിയാണെന്ന് അലോങ് കോണ്‍ഗ്രസിനെ പരിഹസിച്ചു. "കുറഞ്ഞത് അടിക്കുറിപ്പെങ്കിലും സ്വയം എഴുതുക" എന്നാണ് അലോങ് ട്വീറ്റ് ചെയ്തത്.

"നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുക, ഒറ്റയ്ക്കാണെങ്കില്‍പ്പോലും"- എന്നാണ് കോണ്‍ഗ്രസ് നല്‍കിയ അടിക്കുറിപ്പ്. അതേ വാക്കുകള്‍ അടങ്ങിയ സ്ക്രീന്‍ ഷോട്ട് സഹിതമാണ് അലോങ്ങിന്‍റെ വിമര്‍ശനം.

ലണ്ടനില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ മോദി സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയിൽ പ്രതിപക്ഷം പലപ്പോഴും നിശബ്ദമാക്കപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. കോൺഗ്രസ് നേതാവിന്റെ വാദങ്ങള്‍ എംപി എന്ന നിലയിലുള്ള വീഴ്ചകള്‍ മറച്ചുവെയ്ക്കാനാണെന്ന് ഇൻഫർമേഷൻ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത ആരോപിച്ചു. വയനാട് എംപിയുടെ ഹാജര്‍ നില കേരള ശരാശരിയേക്കാൾ വളരെ കുറവാണെന്നും കാഞ്ചൻ ഗുപ്ത ട്വീറ്റ് ചെയ്തു.





Summary- Nagaland BJP chief Temjen Imna Along praised the Congress leader Rahul Gandhi's photo from London, for his confidence and style

TAGS :

Next Story