Quantcast

മധ്യപ്രദേശിൽ കച്ചമുറുക്കി കോൺഗ്രസും ബി.ജെ.പിയും

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മധ്യപ്രദേശിൽ ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്

MediaOne Logo

Web Desk

  • Published:

    22 July 2023 1:11 AM GMT

Congress and BJP intensified assembly election campaign in Madhya Pradesh, MP election 2023, Congress, BJP, Madhya Pradesh assembly election 2023
X

ഭോപ്പാല്‍: മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കോൺഗ്രസും ബി.ജെ.പിയും. കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ തരംഗം മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പിയും.

മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തതിനാൽ കേന്ദ്ര സർക്കാർ നേട്ടങ്ങളാണ് ബി.ജെ.പി മധ്യപ്രദേശിൽ പ്രചാരണായുധമാക്കുന്നത്.

ഇതോടൊപ്പം, ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ കയറിയുള്ള കോൺഗ്രസ് ആക്രമണം ശക്തമായിട്ടുണ്ട്. ഉത്തർപ്രദേശിൻ്റെ ചുമതല ഒഴിഞ്ഞ പ്രിയങ്ക ഗാന്ധി മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇപ്പോള്‍ ചുക്കാൻപിടിക്കുന്നത്. ഗോത്ര വിഭാഗങ്ങൾക്കിടയിലും ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗോത്രമേഖലയായ ബർവാനി ജില്ലയിലെ ഭട്കി ഗ്രാമത്തിലെ ജനങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതിയായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഒന്നിനു പിറകെ മറ്റൊന്നായി ഗോത്ര ഭൂരിപക്ഷ മേഖലകൾ ബി.ജെ.പിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

മണിപ്പൂരിൽ സ്ത്രീകൾക്കുനേരെ നടന്ന ക്രൂരതയും മധ്യപ്രദേശിനെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 20 ശതമാനം വോട്ടുകൾ ഗോത്രവിഭാഗങ്ങൾക്കാണ്. അതിനിടെ, സംസ്ഥാനത്ത് ദലിത് ഗോത്ര വർഗങ്ങൾക്കുനേരെ ബി.ജെ.പി നേതാക്കൾ നടത്തുന്ന അതിക്രമങ്ങളും സംസ്ഥാനത്ത് ചർച്ചാവിഷയമായി കോൺഗ്രസ് ഉയർത്തിക്കൊണ്ടുവരുന്നുണ്ട്.
Summary: The Congress and the BJP intensified their assembly election campaign in Madhya Pradesh

TAGS :

Next Story