Quantcast

'പത്‌നിയുടെ വിദേശ സ്വത്തുക്കൾ മറച്ചുവെച്ചു'; ഹിമന്ത ബിശ്വ ശർമയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് കോൺഗ്രസ്

ജലൂക്ബാരി മണ്ഡലത്തിൽ ഹിമന്ത ബിശ്വ ശർമ്മയുടെ എതിർ സ്ഥാനാർഥിയായ ബിദിഷ നിയോഗാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നൽകിയത്

MediaOne Logo
പത്‌നിയുടെ വിദേശ സ്വത്തുക്കൾ മറച്ചുവെച്ചു; ഹിമന്ത ബിശ്വ ശർമയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് കോൺഗ്രസ്
X

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പത്‌നിയുടെ വിദേശ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. ഹിമന്ത ബിശ്വ ശർമ്മയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുഖ്യമന്ത്രിയുടെ പത്‌നി റിനികി ഭുയാൻ ശർമ്മയ്ക്ക് ദുബായിൽ വസ്തുവകകളുണ്ടെന്നും അമേരിക്കയിൽ ഷെൽ കമ്പനികളുണ്ടെന്നുമാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

ജലൂക്ബാരി മണ്ഡലത്തിൽ ഹിമന്ത ബിശ്വ ശർമ്മയുടെ എതിർ സ്ഥാനാർഥിയായ ബിദിഷ നിയോഗാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നൽകിയത്. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള രേഖകൾ പ്രകാരം 'അൽ ബർഷ സൗത്ത് ഫോർത്ത്' എന്ന സ്ഥലത്ത് റിനികി ഭുയാൻ ശർമ്മയ്ക്ക് രണ്ട് വിലപിടിപ്പുള്ള സ്വത്തുക്കളുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം വിദേശ സ്വത്തുക്കൾ വെളിപ്പെടുത്തേണ്ടത് നിർബന്ധമാണെങ്കിലും ശർമ്മ ഇത് ചെയ്തിട്ടില്ല. ഇത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. യുഎഇ, ഈജിപ്ത്, ആന്റിഗ്വ-ബാർബുഡ എന്നീ രാജ്യങ്ങളുടെ മൂന്ന് പാസ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ പത്‌നിക്കുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കഴിഞ്ഞ ദിവസം ആരോപിച്ചു. അമേരിക്കയിലെ വ്യോമിംഗിൽ ഷെൽ കമ്പനികൾ വഴി സ്വത്തുക്കൾ കടത്തിയതായും അദ്ദേഹം ആരോപിച്ചു.

ലോക്സഭാംഗം ഗൗരവ് ഗോഗോയിയും മുഖ്യമന്ത്രിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ആരോപണങ്ങൾ തെറ്റാണെങ്കിൽ ഭഗവദ്ഗീതയിൽ തൊട്ട് സത്യം ചെയ്യാൻ ശർമ്മ തയ്യാറാണോ എന്ന് ഗോഗോയി വെല്ലുവിളിച്ചു. 'നിങ്ങളുടെ പത്‌നിക്ക് ദുബായ് ഗോൾഡൻ വിസയുണ്ടോ? വിദേശത്ത് ബിസിനസ് നടത്തുന്നുണ്ടോ? ഇവ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടോ?' തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി വേണമെന്നും ഗൗരന് ഗഗോയ് പറഞ്ഞു.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാകിസ്ഥാനി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്നുള്ള തെറ്റായ വിവരങ്ങൾ ഉപയോഗിച്ചാണ് കോൺഗ്രസ് കുപ്രചാരണം നടത്തുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു.പാകിസ്ഥാനി പൗരന്റെ നഷ്ടപ്പെട്ട പാസ്പോർട്ടിൽ തന്റെ പത്‌നിയുടെ ചിത്രം മോർഫ് ചെയ്ത് ചേർത്താണ് വ്യാജരേഖകൾ നിർമ്മിച്ചിരിക്കുന്നത് എന്ന് ശർമ്മ ആരോപിച്ചു.

TAGS :

Next Story