രണ്ടക്കം തികയാതെ കോൺഗ്രസ്; പിടിച്ച് നിൽക്കാനാവാതെ ഇടതുപാർട്ടികളും
61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 5 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്

പട്‌ന: ഭരണവിരുദ്ധ വികാരം, ദേശിയ തലത്തിൽ തലത്തിൽ രാഹുൽഗാന്ധി ഉയർത്തിയ വിഷയങ്ങൾ,എസ്‌ഐആറിനെതിരെയുള്ള വികാരം ഇതെല്ലാം വോട്ടായിമാറുമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടൽ പിഴച്ചു. സംസ്ഥാനത്ത് എൻഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ തുടർഭരത്തിലെത്തുമ്പോൾ കോൺഗ്രസ് തകർന്നടിയുന്നതാണ് കണ്ടത്. 61 സീറ്റിൽ മത്സരിച്ച പാർട്ടി 5 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
2020 ൽ കോൺഗ്രസിന് 19 സീറ്റുകളാണ് ഉണ്ടായിരുന്നത് അതിൽ നിന്നാണ് അഞ്ച് സീറ്റിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. സംഘടന ദൗർബല്യം കോൺഗ്രസിന്റെ പ്രകടനത്തെ ബാധിച്ചു. രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന വോട്ടുകൊള്ള ആരോപണം വോട്ടർമാരിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. എല്ലാ ട്രെൻഡുകളിലും ഗ്യാനേഷ് കുമാർ ബീഹാറിലെ ജനങ്ങൾക്കെതിരെ വിജയിക്കുന്നതായി തോന്നുന്നുവെന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേഡ പ്രതികരിച്ചത്.
ഇടതുപാർട്ടികളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നത്. ഇത്തവണ 33 സീറ്റുകളിലാണ് ഇടതുപാർട്ടികൾ മത്സരിച്ചത്. ബിഹാറിലെ പ്രബല കമ്യൂണിസ്റ്റ് പാർട്ടിയായ സിപിഐഎംഎൽ 20 സീറ്റുകളിലാണ് മത്സരിച്ചത്. നിലവിലെ ലീഡ് പ്രകാരം 2 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. 2020 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 12 സീറ്റുകളിലാണ് സിപിഐഎംഎൽ വിജയിച്ചത്. പത്ത് സീറ്റുകളുടെ നഷ്ടമാണ് പാർട്ടിക്ക് ഉണ്ടായത്. നാല് സീറ്റുകളിൽ മത്സരിച്ച സിപിഎം ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിഭൂതിപൂർ മണ്ഡലത്തിൽ അജയ്കുമാറാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് സിപിഎമ്മിനുണ്ടായത്. വലിയ നഷ്ടം സിപിഐക്കാണ്. ഒമ്പത് സീറ്റുകളിൽ മത്സരിച്ച സിപിഐക്ക് ഒരു മണ്ഡലത്തിലും ലീഡ് ചെയ്യാനായില്ല. കഴിഞ്ഞ തവണ പാർട്ടി രണ്ട് സീറ്റുകൾ നേടിയിരുന്നു.
Adjust Story Font
16

