'ബിഹാറിനെ കോൺഗ്രസ് പരിഹസിക്കുന്നു'; 'ബീഡി' ഏറ്റുപിടിച്ച് മോദി
എസ്‌ഐആർ വിരുദ്ധ സമരങ്ങൾ, വോട്ട് അധികാർ യാത്ര തുടങ്ങി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കളത്തിൽ സജീവമായതോടെയാണ് പ്രധാനമന്ത്രിയുടെ ബിഹാർ സന്ദർശനം

പറ്റ്‌ന: ബിഹാർ ബീഡി വിവാദം ഏറ്റുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിനെ കോൺഗ്രസ് ബീഡിയുമായി താരതമ്യം ചെയ്യുന്നുവെന്ന് മോദി വിമർശിച്ചു.
'കോൺഗ്രസ്, ബിഹാറിനെ പരിഹസിക്കുകയാണ്. ബീഡിയുമായാണ് ബിഹാറിനെ ഉപമിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസ് നയമെന്നും'- പ്രധാനമന്ത്രി ആരോപിച്ചു. പുർണിയയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിന്റെ വികസനം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണ്, മുൻ ജെഡിയു-കോൺഗ്രസ് സർക്കാരുകൾ ബിഹാറിനെ അവഗണിച്ചു ,ബിഹാറിനെ ബീഡിയുമായാണ് കോൺഗ്രസ് ഉപമിക്കുന്നത്. എന്തിനാണ് ബിഹാറിനോട് ഇത്ര വിദ്വേഷം'- പ്രധാനമന്ത്രി ചോദിച്ചു.
ബിഹാറിലെ എസ്ഐആർ വിരുദ്ധ സമരങ്ങൾ ,വോട്ട് അധികാർ യാത്ര, നിതീഷ് കുമാർ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ തുടങ്ങി, പ്രതിപക്ഷം തെരഞ്ഞെടുപ്പ് കളത്തിൽ സജീവമായതോടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
അതേസമയം നാലായിരത്തി നാനൂറ്റി പത്ത് കോടി രൂപയുടെ വികസ പദ്ധതികൾക്കും മോദി ബിഹാറിൽ തുടക്കം കുറിച്ചു. വോട്ടെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ശേഷിക്കെ ബിഹാറിന് വമ്പൻ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. റോഡുകൾ, റെയിൽപാതകൾ, വിമാനത്താവളം അടക്കം നാലായിരത്തി നാനൂറ്റി പത്ത് കോടി രൂപയുടെ വികസ പദ്ധതികൾ മോദി പ്രഖ്യാപിച്ചു. ഈ വർഷം ഇത് അഞ്ചാം തവണയാണ് മോദി ബിഹാർ സന്ദർശിക്കുന്നത്.
ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസിന്റെ കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. ‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ്’ എന്ന പോസ്റ്റാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു.
Adjust Story Font
16

