'പ്രവർത്തകർ പ്രതീക്ഷ കൈവിടരുത്, ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടം നാം തുടരും': മല്ലികാർജുൻ ഖാർഗെ
ബിഹാറിലെ പരാജയത്തിന്റെ കാരണം മനസ്സിലാക്കി കൂടുതൽ മികവോടെ പാർട്ടി മുന്നോട്ടുപോകുമെന്നും ഖാർഗെ പറഞ്ഞു

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടെങ്കിലും ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രതീക്ഷ കൈവിടരുതെന്നും ബിഹാറിലെ പരാജയത്തിന്റെ കാരണം മനസ്സിലാക്കി പാർട്ടി മുന്നോട്ട് പോകുമെന്നും ഖാർഗെ എക്സിൽ കുറിച്ചു.
'ബിഹാറിലെ ജനഹിതം ഞങ്ങൾ മാനിക്കുന്നു. ഭരണഘടനയെ ദുരുപയോഗം ചെയ്തുകൊണ്ട് ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടം ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിപ്പിക്കുകയില്ല. തെരഞ്ഞെടുപ്പിൽ എവിടെയാണ് പിഴച്ചതെന്ന് മനസ്സിലാക്കി കൂടുതൽ മികച്ച രീതിയിൽ ഞങ്ങൾ മുന്നോട്ടുവരും.' ഖാർഗെ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ പിന്തുണച്ചവരോട് ഖാർഗെ നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രവർത്തകർ നിരാശരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
'മഹാസഖ്യത്തെ പിന്തുണച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. പുറത്തുവന്ന ഫലത്തിൽ നിരാശരാകേണ്ടതില്ലായെന്നാണ് ഓരോ കോൺഗ്രസ് പ്രവർത്തകരോടും എനിക്ക് പറയാനുള്ളത്. നമ്മുടെ അഭിമാനവും അന്തസും മാഹാത്മ്യവും നിങ്ങളാണ്. നിങ്ങളുടെ കഠിനാധ്വാനമാണ് നമ്മുടെ കരുത്ത്.' എക്സിൽ അദ്ദേഹം കുറിച്ചു.
ജനങ്ങൾക്കിടയിൽ ജാഗ്രത വർധിപ്പിക്കുന്നതിനായി സാധ്യമാകുന്നതെല്ലാം നാം ചെയ്തു. ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി പോരാട്ടം ഞങ്ങളിനിയും തുടരും. അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, മഹാസഖ്യത്തിൽ വിശ്വാസമർപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധിയും ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. ബിഹാറിലെ ഫലം ഞെട്ടിപ്പിക്കുന്നതാണെന്നും കോൺഗ്രസ് പാർട്ടിയും ഇൻഡ്യ മുന്നണിയും ഈ ഫലം ആഴത്തിൽ വിശകലനം ചെയ്യുകയും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഫലപ്രദമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Adjust Story Font
16

