Quantcast

'ബിജെപി ഏജന്റിനെ പോലെയാണ് ഇഡിയുടെ പ്രവർത്തനം, തെരഞ്ഞെടുപ്പാകുമ്പോൾ അവർ റെയ്ഡ് നടത്തും, കഴിഞ്ഞാലുടൻ അപ്രത്യക്ഷരാകും': സന്ദീപ് ദീക്ഷിത്

പ്രതിപക്ഷ പാര്‍ട്ടികളിലേക്കുള്ള റെയ്ഡിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്

MediaOne Logo
ബിജെപി ഏജന്റിനെ പോലെയാണ് ഇഡിയുടെ പ്രവർത്തനം, തെരഞ്ഞെടുപ്പാകുമ്പോൾ അവർ റെയ്ഡ് നടത്തും, കഴിഞ്ഞാലുടൻ അപ്രത്യക്ഷരാകും: സന്ദീപ് ദീക്ഷിത്
X

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ഓഫീസിലെ റെയ്ഡിൽ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ രാഷ്ട്രീയ ഉപകരണമെന്നോണമാണ് കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇഡിയുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതില്‍ ബിജെപി എന്തുകൊണ്ടാണ് താല്‍പ്പര്യം കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'ബിജെപി എന്തിനാണ് ഈ വിഷയത്തില്‍ ഇത്രയധികം താല്‍പ്പര്യം കാണിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇഡിയുടെ തൊഴിലല്ലേ. അതിനെ പ്രതിരോധിക്കാനും പ്രതിരോധിക്കാനും ബിജെപിക്ക് എന്ത് ബാധ്യതയാണുള്ളത്'. അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ആസൂത്രണങ്ങളടങ്ങിയ രാഷ്ട്രീയ ഫയലുകളാണ് ഇഡി കണ്ടുകെട്ടിയതെന്ന് സന്ദീപ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൈമാറിയ രേഖകളായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

'തങ്ങള്‍ക്ക് മുകളില്‍ മറ്റ് പാര്‍ട്ടികള്‍ കയറിപ്പോകുമോയെന്ന ഭയമാണ് ബിജെപിക്ക്. അതുകൊണ്ടാണ്, മറ്റ് പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ മനസിലാക്കുന്നതിനായി അവര്‍ ഇഡിയെ ഉപയോഗിച്ചുകൊണ്ട് ഫയലുകള്‍ കൊണ്ടുപോയത്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ മാത്രമേ രഹസ്യങ്ങള്‍ മറനീക്കി പുറത്തുകൊണ്ടുവരാന്‍ ഇഡിക്ക് ത്വരയേറുകയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എത്രയെത്ര സംസ്ഥാനങ്ങളിലാണ് അവര്‍ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തിയതെന്ന് നോക്കൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അവര്‍ അപ്രത്യക്ഷരാകും. പിന്നെ കേസും കൂട്ടവും ഉണ്ടാകില്ല'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, റെയ്ഡ് തടഞ്ഞ് രേഖകള്‍ കൈക്കലാക്കിയെന്ന് ആരോപിച്ച് മമത ബാനര്‍ജിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലേക്കുള്ള റെയ്ഡിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ ദൈവമാണ് ഇഡിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കുറ്റപ്പെടുത്തി. മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിന്റെ വസതിയിലും സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ചിലുള്ള ഗോദ്‌റെജ് വാട്ടര്‍സൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ടിഎംസി നേതാക്കള്‍ സാള്‍ട്ട് ലേക്ക് ഓഫീസിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.

TAGS :

Next Story