Quantcast

അദ്വാനിയുടെ രഥയാത്രയെ ന്യായീകരിച്ച ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

തരൂർ ഇടക്കിടെ ബിജെപി നേതാക്കളെ പ്രകീർത്തിക്കുന്നത് കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കുകയാണ്

MediaOne Logo

Web Desk

  • Published:

    10 Nov 2025 6:52 AM IST

അദ്വാനിയുടെ രഥയാത്രയെ ന്യായീകരിച്ച ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി
X

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ 1990-ലെ രഥയാത്രയെ ന്യായീകരിച്ച ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. തരൂരിനെ തള്ളി പവൻ ഖേഡ രംഗത്തെത്തിയതിനു പിന്നാലെ കൂടുതൽ എഐസിസി നേതാക്കൾ തരൂരിന്റെ പ്രസ്താവനയിൽ വിയോജിപ്പ് അറിയിച്ചുവെന്നാണ് വിവരം.

തരൂരിന് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിന്റെ ജനാധിപത്യ ബോധത്തെയും ലിബറല്‍ സ്വഭാവത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെനാണ് പവന്‍ രേഖ എക്‌സില്‍ കുറിച്ചത്. തരൂർ ഇടക്കിടെ ബിജെപി നേതാക്കളെ പ്രകീർത്തിക്കുന്നത് കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കുകയാണ്. ഗാന്ധി കുടുംബത്തിനെതിരെ ലേഖനം എഴുതിയതിന് പിന്നാലെയാണ് പുതിയ പരാമർശം.

ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെ പോലെ അദ്വാനിയുടെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അദ്വാനിയെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിനോടും ഇന്ദിരാഗാന്ധിയോടും താരതമ്യം ചെയ്ത് ഒരു നേതാവിന്റെയും പാരമ്പര്യം ഒരൊറ്റ സംഭവത്തിലേക്ക് ചുരുക്കരുതെന്ന് ശശി തരൂർ വാദിച്ചു.

'അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ നീതി കാണിക്കണം.' തരൂർ എക്‌സിൽ എഴുതി. അദ്വാനിയെ 'ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ' എന്നാണ് തരൂർ വിശേഷിപ്പിച്ചത്. അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന പോസ്റ്റിൽ അദ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധതയെ തരൂർ പ്രശംസിച്ചു.

ഇതിന് പിന്നാലെ ശശി തരൂരിന് വിമർശനവുമായി കോൺഗ്രസ് സഹയാത്രിക സുധാമേനോൻ രംഗത്തെത്തി. 'മഹാത്മാഗാന്ധിയുടെ രാമനെ അസ്ത്രായുധനായ സംഹാരമൂർത്തിയാക്കി പരിവർത്തനം ചെയ്യിച്ചുകൊണ്ട് ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാൽ കൃഷ്ണ അദ്വാനി ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവന 'മെന്ന് സുധാമേനോൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.


TAGS :

Next Story