Quantcast

'കോൺഗ്രസെന്ന് 59 തവണ പരാമർശിച്ചു, സ്ത്രീകളെ മറന്നോ?'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഖാർഗെ

പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന ബിജെപി രാജ്യത്തോട് കള്ളം പറയുകയാണ്

MediaOne Logo
കോൺഗ്രസെന്ന് 59 തവണ പരാമർശിച്ചു, സ്ത്രീകളെ മറന്നോ?;  പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഖാർഗെ
X

ഡൽഹി: ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തതിന് രാഷ്ട്രീയപ്പോര് കടുക്കുന്നു. ഔദ്യോഗിക പ്രസംഗത്തെ മോദി രാഷ്ട്രീയ പ്രസംഗമാക്കി മാറ്റിയെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മോദി ജനാധിപത്യത്തെയും ഭരണഘടനയെയും പരിഹസിക്കുകയാണെന്നും ഖാർഗെ ഡൽഹിയിൽ പറഞ്ഞു. പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന ബിജെപി രാജ്യത്തോട് കള്ളം പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 12 വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് കാണിച്ചുകൊടുക്കാൻ കാര്യമായ നേട്ടങ്ങളൊന്നുമില്ലാത്തതിനാൽ പ്രധാനമന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ഖാർഗെ എക്‌സിൽ കുറിച്ചു.രണ്ട് പ്രധാന സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലവിലുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട് ഔദ്യോഗിക സംവിധാനങ്ങളെ പ്രധാനമന്ത്രി രാഷ്ട്രീയ പ്രചരണത്തിനായി ദുരുപയോഗം ചെയ്തു. പ്രധാനമന്ത്രിയുടെ ഈ നടപടി ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മോദിജി തൻ്റെ പ്രസംഗത്തിൽ 59 തവണ കോൺഗ്രസിനെ പരാമർശിച്ചു, എന്നാൽ സ്ത്രീകളെക്കുറിച്ച് വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. രാജ്യത്തെ സ്ത്രീകൾ ബിജെപിയുടെ മുൻഗണനയല്ല, കോൺഗ്രസിനെ തകർക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് ഇത് തെളിയിക്കുന്നു," ഖാർഗെ ആരോപിച്ചു.

പ്രധാനമന്ത്രിയുടേത് കോൺഗ്രസിനെ അധിക്ഷേപിക്കാനുള്ള പ്രസംഗം മാത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് ഒരു പവിത്രതയുണ്ടെന്നും അത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ളതാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇതൊരു 'ദേശീയ പ്രസംഗമല്ല', മറിച്ച് 'നിരാശയിൽ നിന്നുള്ള പ്രസംഗം' ആണെന്നും ജയറാം കുറ്റപ്പെടുത്തി. ലോക്സഭയിലുണ്ടായ നാണക്കേടിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ ലക്ഷ്യം വെച്ചതെന്ന് അദ്ദേഹം ആരോപിച്ചു. വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ജയറാം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ പ്രസംഗം ദേശീയ ആശയവിനിമയത്തിന്‍റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും രംഗത്തെത്തി. പ്രതിപക്ഷ പാർട്ടികളെ രാഷ്ട്രീയമായി ആക്രമിക്കാൻ ദേശീയ വേദിയെ ഉപയോഗിച്ചത് 'നിർഭാഗ്യകരവും ഖേദകരവുമാണെന്ന്' അദ്ദേഹം വിശേഷിപ്പിച്ചു.

അതേസമയം പ്രതിപക്ഷത്തിനെതിരെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ബിജെപി പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. വനിതകളുടെ അവകാശം കവർന്നെടുത്ത പ്രതിപക്ഷം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷത്തിനെതിരെയുള്ള പ്രചരണം ബിജെപി ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഡൽഹിയിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.

ബില്ലിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷം നടത്തിയത് വനിതാ ശാക്തീകരണത്തിന്‍റെ ഭ്രൂണഹത്യ എന്നാണ് പ്രധാനമന്ത്രി വിമർശിച്ചത്. അതേസമയം 543 അംഗങ്ങളിൽ വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് നിലപാടിലാണ് പ്രതിപക്ഷം.

TAGS :

Next Story