'സുന്ദരിയായ പെൺകുട്ടികൾ പുരുഷന്റെ ശ്രദ്ധ തിരിക്കുന്നു': ബലാത്സംഗ സിദ്ധാന്തവുമായി കോൺഗ്രസ് എംഎൽഎ, വിവാദം
എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ സുന്ദരികളല്ലെങ്കിലും അവരുടെ വേദങ്ങളിൽ എഴുതിയിരിക്കുന്നതിനാൽ ഇപ്പോഴും ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് ബരയ്യ പറഞ്ഞു.

- Updated:
2026-01-17 10:46:01.0

മധ്യപ്രദേശ്: സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ ഫൂൾ സിംഗ് ബരയ്യ. പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സ്വകാര്യ മാധ്യമവുമായി നടത്തിയ അഭിമുഖത്തിൽ, ബലാത്സംഗ കുറ്റകൃത്യത്തെ ജാതി, മത വ്യാഖ്യാനങ്ങളുമായി ബന്ധിപ്പിക്കുന്ന പരാമർശങ്ങളാണ് ബരയ്യ നടത്തിയത്.
പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗ (ഒബിസി) സമുദായങ്ങളെ പരാമർശിച്ചുകൊണ്ട്, പുരാതന ഗ്രന്ഥങ്ങളിൽ വേരൂന്നിയ "വികലമായ വിശ്വാസ സമ്പ്രദായതത്തിൻ്റെ ഭാഗമായി ഈ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ലക്ഷ്യമിടുന്നുണ്ടെന്ന് കോൺഗ്രസ് എംഎൽഎ അവകാശപ്പെട്ടു. ചില ജാതികളിലെ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തീർത്ഥാടനത്തിന് തുല്യമായ ആത്മീയ യോഗ്യത നേടുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം രുദ്രയമാൽ തന്ത്ര എന്ന പുസ്തകത്തെ ഉദ്ധരിച്ചു പറഞ്ഞു.
സുന്ദരികളായ സ്ത്രീകൾ മൂലമുണ്ടാകുന്ന താത്ക്കാലിക ശ്രദ്ധമൂലം ബലാത്സംഗം സംഭവിക്കാമെന്ന് ബരയ്യ വീഡിയോയിൽ പറയുകകയും കൂട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ശിശുക്കൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചും അസ്വസ്ഥതയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുകയും ചെയ്തു.
"ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബലാത്സംഗത്തിന് ഇരയാകുന്നത് ആരാണ്? പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾ. മാനസികാവസ്ഥ എന്തുതന്നെയായാലും ഒരു പുരുഷൻ റോഡിലൂടെ നടക്കുമ്പോൾ ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ അത് അയാളുടെ മനസ്സിനെ വ്യതിചലിപ്പിക്കുകയും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും എന്നതാണ് ബലാത്സംഗ സിദ്ധാന്തം," അദ്ദേഹം പറഞ്ഞു. ലൈംഗിക അതിക്രമത്തെ ന്യായീകരിക്കാൻ എംഎൽഎ ജാതി അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനങ്ങളും ഉപയോഗിച്ചതും,പ്രതിഷേധത്തിന് കാരണമായി.
"ആദിവാസി സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് കൂടുതലും ബലാത്സംഗം ചെയ്യുന്നത്, എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ സുന്ദരികളല്ലെങ്കിലും അവരുടെ വേദങ്ങളിൽ എഴുതിയിരിക്കുന്നതിനാൽ അവർ ഇപ്പോഴും ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് ബരയ്യ എംഎൽഎ പറഞ്ഞു.
"ഒരു പ്രത്യേക ജാതിയിൽപ്പെട്ട സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ തീർത്ഥാടനത്തിന്റെ പുണ്യം ലഭിക്കുമെന്ന് അവിടെ എഴുതിയിട്ടുണ്ട്. മറ്റൊരു ജാതിയിൽ പെട്ടാൽ മറ്റൊരു തീർത്ഥാടനത്തിന്റെ പുണ്യം ലഭിക്കും. ഇപ്പോൾ, അവർക്ക് വേദങ്ങളിൽ പരാമർശിച്ചിരിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകാൻ കഴിയില്ല. അപ്പോൾ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് അതേ പുണ്യം ലഭിക്കാൻ അവർക്ക് എന്ത് ഓപ്ഷൻ നൽകിയിട്ടുണ്ട്? ഈ സ്ത്രീകളെ പിടികൂടി അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, നിങ്ങൾക്ക് പ്രതിഫലം ലഭിക്കും," പ്രചരിക്കുന്ന വീഡിയോയിൽ ബരയ്യ പറഞ്ഞു. ബരയ്യ തന്റെ പ്രസ്താവനകളിൽ നിന്ന് പിന്മാറിയില്ല. പരാമർശങ്ങൾ വീഡിയോയുടെ ഭാഗമല്ലെന്നും, അടർത്തിമാറ്റിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
"ഞാൻ പല സ്ഥലങ്ങളിലും പോയി, നിരീക്ഷിച്ചു, പല സ്ഥലങ്ങളിലും ചോദ്യങ്ങൾ ചോദിച്ചു, പരിശ്രമിച്ചു, പല ലൈബ്രറികളിലൂടെയും സഞ്ചരിച്ചു. അവിടെ നിന്നാണ് എനിക്ക് ഈ സൂചന ലഭിച്ചത്" എന്നും പറഞ്ഞു. തന്റെ പരാമർശങ്ങൾ വ്യക്തിപരമായ അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വാദിച്ചു.കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി.
Adjust Story Font
16
