Quantcast

'ക്രൂരമായ കൊലപാതകം'; ഗസ്സയിൽ അൽ ജസീറ മാധ്യമപ്രവർത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി

ഇസ്രായേൽ ഭരണകൂടം അക്രമത്തിലൂടെയും വിദ്വേഷത്തിലൂടെയും സത്യത്തെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2025-08-12 06:34:33.0

Published:

12 Aug 2025 11:23 AM IST

priyanka gandhi
X

ഡൽഹി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ഹീനമായ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഇസ്രായേൽ ഭരണകൂടം അക്രമത്തിലൂടെയും വിദ്വേഷത്തിലൂടെയും സത്യത്തെ നിശബ്ദമാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു.

''അൽ ജസീറയിലെ അഞ്ച് മാധ്യമപ്രവർത്തകരുടെ ക്രൂരമായ കൊലപാതകം ഫലസ്തീൻ മണ്ണിൽ നടന്ന മറ്റൊരു ഹീനമായ കുറ്റകൃത്യമാണ്. സത്യത്തിനുവേണ്ടി നിലകൊള്ളാൻ ധൈര്യപ്പെടുന്നവരുടെ അളവറ്റ ധൈര്യത്തെ ഇസ്രായേൽ ഭരണകൂടത്തിന്‍റെ അക്രമത്തിനും വിദ്വേഷത്തിനും ഒരിക്കലും തകർക്കാനാവില്ല.മാധ്യമങ്ങളുടെ ഭൂരിഭാഗവും അധികാരത്തിനും വാണിജ്യത്തിനും അടിമപ്പെട്ടിരിക്കുന്ന ഒരു ലോകത്ത്, യഥാർഥ മാധ്യമപ്രവർത്തനം എന്താണെന്ന് ഈ ധീരാത്മാക്കൾ നമ്മെ ഓർമിപ്പിച്ചു'' പ്രിയങ്ക സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

ഗസ്സ വംശഹത്യയിൽ കേന്ദ്രസർക്കാരിന്‍റെ മൗനം ലജ്ജാകരവും കുറ്റകരവുമെന്ന് പ്രിയങ്കാ ഗാന്ധി കുറിച്ചു.'' ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തുകയാണ്. 60,000-ത്തിലധികം ആളുകളെ അവർ കൊലപ്പെടുത്തി, അതിൽ 18,430 പേർ കുട്ടികളായിരുന്നു. നിരവധി കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ പട്ടിണികിടത്തി, ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണികിടക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്. ഫലസ്തീൻ ജനതയുടെ മേൽ ഇസ്രായേൽ ഈ നാശം അഴിച്ചുവിടുമ്പോൾ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണ്'' അവര്‍ ചൂണ്ടിക്കാട്ടി.

നാഷണൽ പ്രസ് ക്ലബും (എൻ‌പി‌സി) മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. സംഭവം ദുഃഖകരവും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്ന് എൻപിസി കൂട്ടിച്ചേര്‍ത്തു. ''പൊതുജനങ്ങളെ വിവരം അറിയിക്കാൻ പ്രവര്‍ത്തിക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകൻ കൊല്ലപ്പെടുന്നത് ഒരു ന്യൂസ് റൂമിന് സഹിക്കാൻ കഴിയാവുന്നതിനെക്കാൾ വലിയ നഷ്ടമാണ്'' നാഷണൽ പ്രസ് ക്ലബ് പ്രസിഡന്‍റ് മൈക്ക് ബൽസാമോ പറഞ്ഞു.

ഗസ്സ സിറ്റിയിലെ മാധ്യമപ്രവർത്തകരെ പാർപ്പിച്ചിരിക്കുന്ന ടെന്‍റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അനസ് അൽ ശെരീഫ്, മുഹമ്മദ് ഖ്രീഖെ, ഇബ്രാഹിം സഹെർ, മുഹമ്മദ് നൗഫൽ, മോമെൻ അലിവ എന്നിവര്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വടക്കൻ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെ റിപ്പോർട്ട് ചെയ്യുകയായിരുന്നു 28കാരനായ അനസ്. അദ്ദേഹത്തിന്‍റെ അവസാന വീഡിയോയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇരുണ്ട ആകാശം ഓറഞ്ച് വെളിച്ചത്തിൽ നിറയുന്നതും ഇസ്രായേലിന്റെ മിസൈൽ ബോംബിംഗിന്റെ ഉച്ചത്തിലുള്ള മുഴക്കവും പശ്ചാത്തലത്തിൽ കേൾക്കാമായിരുന്നു.

TAGS :

Next Story