Quantcast

കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് അടുത്ത വർഷം സെപ്റ്റംബറിൽ

മാർച്ചിന് ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. പ്രാഥമിക തലം മുതൽ ദേശീയ തലം വരെ ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തും.

MediaOne Logo

Web Desk

  • Published:

    30 Dec 2021 12:44 PM GMT

കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് അടുത്ത വർഷം സെപ്റ്റംബറിൽ
X

കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് അടുത്ത വർഷം സെപ്റ്റംബർ അവസാനത്തോടെ സ്ഥാനമേൽക്കുമെന്ന് പാർട്ടിയുടെ സെൻട്രൽ ഇലക്ഷൻ അതോറിറ്റി പ്രസിഡന്റ് മധുസൂദനൻ മിസ്ത്രി. നിലവിൽ സോണിയാ ഗാന്ധിയാണ് പാർട്ടി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. 2019 ജൂലൈയിൽ രാഹുൽ ഗാന്ധി പ്രസിഡന്റ് പദം രാജിവെച്ചതിനെ തുടർന്നാണ് സോണിയ താൽക്കാലിക പ്രസിഡന്റായി അധികാരമേറ്റത്.

''കോൺഗ്രസ് വർക്കിങ് കമ്മിറ്റി തീരുമാനിച്ച ഷെഡ്യൂൾ അനുസരിച്ച് അടുത്ത വർഷം സെപ്റ്റംബറിൽ കോൺഗ്രസിന് പുതിയ പ്രസിഡന്റ് വരും. മെമ്പർഷിപ്പ് ക്യാമ്പയിൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം മാർച്ച് 31നകം ഇത് പൂർത്തീകരിക്കും''-മിസ്ത്രി പറഞ്ഞു.

മാർച്ചിന് ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. പ്രാഥമിക തലം മുതൽ ദേശീയ തലം വരെ ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തും. സെപ്റ്റംബറോടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും മിസ്ത്രി വ്യക്തമാക്കി.

പാർട്ടിക്ക് മുഴുവൻ സമയ പ്രസിഡന്റ് വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ സോണിയാ ഗാന്ധിക്ക് നേരത്തെ കത്തെഴുതിയിരുന്നു. ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ, ആനന്ദ് ശർമ തുടങ്ങിയ 23 മുതിർന്ന നേതാക്കളാണ് സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കത്തെഴുതിയത്.

പാർട്ടി വർക്കിങ് കമ്മിറ്റിയിലടക്കം ഈ നേതാക്കൾ സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യമുന്നയിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നേതൃത്വം ഇതിനോട് മുഖംതിരിക്കുകയായിരുന്നു. ഇതാദ്യമായാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിക്കുന്നത്.

TAGS :

Next Story