Quantcast

'മോദിയുടെയും അമിത് ഷായുടേയും മുഖത്തേറ്റ അടി': നാഷണൽ ഹെറാൾഡ് കേസിലെ കുറ്റപത്രം തള്ളിയതിൽ കോൺഗ്രസ്‌

നാഷണൽ ഹെറാൾഡ് കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്ന റൗസ് അവന്യു കോടതി ഉത്തരവ് ബിജെപിക്കെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്

MediaOne Logo

Web Desk

  • Updated:

    2025-12-17 09:10:06.0

Published:

17 Dec 2025 1:49 PM IST

മോദിയുടെയും അമിത് ഷായുടേയും മുഖത്തേറ്റ അടി: നാഷണൽ ഹെറാൾഡ് കേസിലെ കുറ്റപത്രം തള്ളിയതിൽ കോൺഗ്രസ്‌
X

ന്യൂഡല്‍ഹി: നാഷണൽ ഹൊറാൾഡ് കേസിലെ കുറ്റപത്രം തള്ളിയ കോടതി നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. മുഖത്തേറ്റ അടി എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ഇരുവരും രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. വിഷയത്തിൽ പാർലമെന്റിലും കോൺഗ്രസ് പ്രതിഷേധിച്ചു.

നാഷണൽ ഹെറാൾഡ് കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്ന റൗസ് അവന്യു കോടതി ഉത്തരവ് ബിജെപിക്കെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്. രാഷ്ട്രീയ വേട്ടയാടലിനായി അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിച്ചു എന്നാണ് കോൺഗ്രസ്‌ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാപ്പുപറഞ്ഞ് രാജിവെക്കണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു. സത്യമേവ ജയതേ ബാനർ ഉയർത്തി വിഷയത്തിൽ പാർലമെന്റ് കവാടത്തിൽ എംപിമാർ പ്രതിഷേധിച്ചു.

ഇതിനിടെ നാഷണൽ ഹെറാൾഡ് കേസിൽ ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് കോൺഗ്രസ് മാർച്ച് നടത്തി. കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം കുറ്റപത്രം തള്ളിയ വിചാരണക്കോടതി നടപടിക്കെതിരെ ഇ.ഡി ഉടൻ ഹൈക്കോടതിയെ സമീപിക്കും. വിഷയത്തിൽ പോരാട്ടം തുടരുമെന്നാണ് കോൺഗ്രസ് നിലപാടും. നാഷണൽ ഹെറാൾഡ് കേസിൽ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം റജിസ്റ്റര്‍ ചെയ്ത കേസിലും ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും.

സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. എഫ് ഐ ആറിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപ്പത്രം സ്വീകരിക്കാൻ വിസമ്മതിച്ചത്.

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവര്‍ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.

TAGS :

Next Story