'200 സീറ്റ് ഞങ്ങളുടെ അവകാശം': പാര്‍ട്ടി ആസ്ഥാനത്ത് പോസ്റ്റര്‍, സമാജ്‌വാദി പാർട്ടിക്ക് മേൽ സമ്മർദം കടുപ്പിച്ച് കോൺഗ്രസ്
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഈ പോസ്റ്ററുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി

ലഖ്‌നൗ: അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'ഇന്‍ഡ്യ' മുന്നണിയിലെ പ്രധാന കക്ഷിയായ സമാജ്‌വാദി പാർട്ടിക്ക് (എസ്പി) മേൽ സീറ്റ് വിഭജനത്തിൽ ശക്തമായ സമ്മർദം ചെലുത്തി കോൺഗ്രസ്.
“200 സീറ്റ് ഞങ്ങളുടെ അവകാശമാണ്” എന്ന് പറയുന്ന കൂറ്റൻ പോസ്റ്ററുകൾ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് പുറത്ത് പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഈ പോസ്റ്ററുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചര്‍ച്ചയായി.
403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ പകുതിയോളം സീറ്റുകളിൽ (200 എണ്ണം) മത്സരിക്കാനുള്ള ആഗ്രഹമാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. പാർട്ടിയുടെ സംഘടനാ അടിത്തറ ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലങ്ങളെ തരംതിരിച്ച്('A, B, C, D) 200 സീറ്റുകളുടെ അവകാശവാദം കോൺഗ്രസ് ഉന്നയിക്കുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ 6 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. ഇതിന് പുറമേ, 38 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് ഒന്നാമതും 42 എണ്ണത്തിൽ രണ്ടാമതുമെത്തി. ഈ കണക്കുകൾ മുൻനിർത്തിയാണ് കൂടുതൽ സീറ്റുകൾക്കായി പ്രാദേശിക നേതൃത്വം വാദിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസിന്റെ ആവശ്യം എസ്പി കേള്‍ക്കാനിടയില്ല. 37 ലോക്‌സഭാ സീറ്റുകൾ നേടി യുപിയിൽ 'ഇന്‍ഡ്യ' മുന്നണിയുടെ വൻ വിജയത്തിന് നേതൃത്വം നൽകിയ എസ്‌പി, കോൺഗ്രസിന് ഇത്രയും വലിയ വിഹിതം നൽകുന്നത് അവര്‍ക്ക് തിരിച്ചടിയാണ്. നവംബർ പകുതിയോടെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ജൂനിയർ പങ്കാളി എന്ന നിലയിൽ നിന്ന് മാറി സംസ്ഥാനത്ത് വലിയ തിരിച്ചുവരവ് നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
എന്നാൽ പ്രധാന പങ്കാളിയായ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഇതോടെ കൂടുതൽ കടുപ്പമേറിയതാകുമെന്ന് ഉറപ്പായി.
Adjust Story Font
16

