'അവരെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കില്ല'; ആം ആദ്മിയെ തള്ളി കോൺഗ്രസ്
15 വര്‍ഷം കോൺഗ്രസ് തുടര്‍ച്ചയായി അധികാരത്തിലിരുന്ന സ്ഥലമാണ് ഡൽഹി

ഡൽഹി: ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ലെന്ന് പാര്‍ട്ടി വക്താവ് സുപ്രിയ ശ്രിനിഥെ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് വക്താവിന്‍റെ പ്രതികരണം.
'ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ല. ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കോട്ടകള്‍ അന്വേഷിക്കുകയും അവ കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്യും, ആം ആദ്മി അധികാരത്തിലെത്തുന്നതിന് മുന്‍പ് 15 വര്‍ഷം കോണ്‍ഗ്രസ് തുടര്‍ച്ചയായി അധികാരത്തിലിരുന്ന സ്ഥലമാണ് ഡല്‍ഹി' സുപ്രിയ പറഞ്ഞു.
ഞങ്ങളുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടത്തുകയെന്നതാണെന്നും സുപ്രിയ പറഞ്ഞു. ഗോവയിലും ഹരിയാനയിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും ആം ആദ്മി പാര്‍ട്ടി മത്സരിച്ചിരുന്നില്ലേ?. ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച വോട്ടിന് സമമായിരുന്നു. അവിടെ അവര്‍ മത്സരിച്ചിരുന്നില്ലെങ്കില്‍ വിജയം മറിച്ചായാനേയെന്നും സുപ്രിയ പറഞ്ഞു.
അതേസമയം തലസ്ഥാനത്ത് വിജയമുറപ്പിച്ചിരിക്കുകയാണ് ബിജെപി. നീണ്ട 27 വര്‍ഷത്തിന് ശേഷം പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയിരിക്കുകയാണ്. 46 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 22 സീറ്റുകളിലാണ് ആം ആദ്മി മുന്നിട്ടു നിൽക്കുന്നത്.
Adjust Story Font
16

