Quantcast

മുർഷിദാബാദിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിച്ചു; തൃണമൂൽ നേതാവ് തോക്കുമായി അറസ്റ്റിൽ

കോൺഗ്രസ് പ്രവർത്തകനായ ഫുൽചന്ദ് ശൈഖ് ആണ് വെടിയേറ്റു മരിച്ചത്.

MediaOne Logo

Web Desk

  • Published:

    10 Jun 2023 1:07 PM GMT

Congress worker murder murshidabad
X

മുർഷിദാബാദ്: ജൂലൈ എട്ടിന് നടക്കുന്ന ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ആദ്യ ദിവസം തന്നെ മുർഷിദാബാദിൽ സംഘർഷം. നിരവധി സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനായില്ല. ദോമകലിൽ കോൺഗ്രസ് പ്രവർത്തകനായ ഫുൽചന്ദ് ശൈഖ് (45) വെടിയേറ്റു മരിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. തൃണമൂൽ കോൺഗ്രസ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ വെള്ളിയാഴ്ചയാണ് ശൈഖ് വെടിയേറ്റുമരിച്ചത്. കൊലപാതകത്തിന് പിന്നാലെ ടി.എം.സി പ്രാദേശിക നേതാവായ ബഷീർ മൊല്ല തോക്കുമായി പിടിയിലായി. സി.പി.എം-കോൺഗ്രസ് സഖ്യമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂലിനെ നേരിടുന്നത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെ ഘരാവോ ചെയ്തതിനാൽ തങ്ങളുടെ സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാനായില്ലെന്ന് സി.പി.എം ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്ന് പ്രതിപക്ഷപാർട്ടികൾ ആരോപിച്ചു. നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ സി.പി.എം-കോൺഗ്രസ് പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ കല്ലേറുണ്ടായി. സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്കും കേടുപാടുണ്ടായിട്ടുണ്ട്.

അതേസമയം ഫുൽചന്ദ്ര ശൈഖിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടുപേരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

മസിൽ പവർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ബുള്ളറ്റുകൾകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനാണ് ശ്രമമെങ്കിൽ പിന്നെ ബാലറ്റ് പേപ്പറുകൾ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

TAGS :

Next Story