Quantcast

'ദി കേരള സ്റ്റോറി'ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ്

ലൗ ജിഹാദ്, മതപരിവർത്തനം, തീവ്രവാദം എന്നിവയുടെ ഗൂഢാലോചനകളും വികൃതമായ മുഖവും തുറന്നുകാണിക്കുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നും ബിജെപി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. റിലീസിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിദ്വേഷ ചിത്രത്തിന് പിന്തുണയുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും രംഗത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    6 May 2023 12:28 PM GMT

kerala story_madhyapradesh
X

ഡൽഹി: വിദ്വേഷ ചിത്രമായ ദ കേരള സ്റ്റോറിക്ക് മധ്യപ്രദേശിൽ നികുതി ഒഴിവാക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹനാണ് ഇക്കാര്യം അറിയിച്ചത്. ഭീകരവാദത്തിന്റെ വികൃത മുഖവും പദ്ധതികളും തുറന്നു കാണിക്കുന്ന സിനിമയെന്ന പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ നടപടി.

മധ്യപ്രദേശിൽ മതപരിവർത്തനത്തിനെതിരെ ഇതിനകം നിയമം ഉണ്ടാക്കിയിട്ടുണ്ട് . മതപരിവർത്തനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനാലാണ് സിനിമക്ക് നികുതിരഹിത പദവി നൽകുന്നതെന്നും ചൗഹാൻ ന്യായീകരിച്ചു. ലൗ ജിഹാദ്, മതപരിവർത്തനം, തീവ്രവാദം എന്നിവയുടെ ഗൂഢാലോചനകളും വികൃതമായ മുഖവും തുറന്നുകാണിക്കുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നും ബിജെപി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. റിലീസിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിദ്വേഷ ചിത്രത്തിന് പിന്തുണയുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും രംഗത്തെത്തിയത്.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കേരള സ്റ്റോറിക്ക് മോദി പിന്തുണ അറിയിച്ചിരുന്നു. ഭീകരവാദത്തിന്റെ വികൃത മുഖവും പദ്ധതികളും തുറന്നു കാണിക്കുന്ന സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് മോദിയും അവകാശപ്പെട്ടു. ഇതു രണ്ടാം തവണയാണ് മോദി ഒരു സിനിമയെ കുറിച്ച് പൊതുവേദിയിൽ സംസാരിക്കുന്നത്. നേരത്തെ, കശ്മീരിനെ കുറിച്ചുള്ള വിവേക് അഗ്നിഹോത്രിയുടെ വിവാദ സിനിമ ദ കശ്മീർ ഫയൽസിനെ പിന്തുണച്ചാണ് മോദി രംഗത്തെത്തിയിരുന്നത്. രണ്ടു സിനിമയും തീവ്ര വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് എന്നതാണ് ശ്രദ്ധേയം.

രൂക്ഷ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ മെയ് അഞ്ചിനാണ് കേരള സ്റ്റോറി തിയേറ്ററുകളിൽ എത്തിയത്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത് മുതൽ വ്യാപക പ്രതിഷേധമാണ് രാജ്യത്തുണ്ടായത്.കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ദ കേരള സ്റ്റോറിയുടെ ഇതിവൃത്തം. തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിലേക്ക് ഇത്തരത്തിൽ 32,000 പെൺകുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ട് എന്നാണ് സിനിമയുടെ ട്രയിലർ അവകാശപ്പെട്ടിരുന്നത്. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.

TAGS :

Next Story