'രുചിച്ചു നോക്കുമ്പോൾ അസാധാരണ ഗന്ധം'; ഛത്തീസ്ഗഢില്‍ സർക്കാർ റെസിഡൻഷ്യൽ ഹോസ്റ്റലില്‍ പാകം ചെയ്ത ഭക്ഷണത്തില്‍ ഫിനൈൽ ചേർത്തു, ദുരന്തമൊഴിവായത് തലനാരിഴക്ക്
ദക്ഷിണ ബസ്തറിലെ ആദിവാസി മേഖലയിലെ റെസിഡൻഷ്യൽ ഹോസ്റ്റലില്‍ 426 വിദ്യാർഥികളാണ് പഠിക്കുന്നത്

representative image
റായ്പൂർ: ഛത്തീസ്ഗഢില്‍ സർക്കാർ നടത്തുന്ന റെസിഡൻഷ്യൽ ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് നല്‍കാനായി പാകം ചെയ്ത ഭക്ഷണത്തില്‍ ഫിനൈല്‍ ചേര്‍ത്തു. മാവോയിസ്റ്റ് ബാധിത സുക്മ ജില്ലയിലെ പോർട്ട-കാബിൻ ഹോസ്റ്റിലാണ് സംഭവം നടന്നത്. കൃത്യസമയത്ത് കണ്ടെത്തിയതിനാല്‍ അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ സാധിച്ചു.
ദക്ഷിണ ബസ്തറിലെ ആദിവാസി മേഖലയിലാണ് റെസിഡൻഷ്യൽ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. 426 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാർഥികൾക്ക് വിളമ്പുന്നതിന് മുമ്പ് ഭക്ഷണം പരിശോധിക്കുന്ന പതിവ് ഇവിടെയുണ്ട്. പാകം ചെയ്ത ഭക്ഷണത്തിന്‍റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യാറുള്ളത്.ഭക്ഷണം സ്പൂണ്‍ ഉപയോഗിച്ച് കഴിക്കുന്ന സമയത്ത് തന്നെ ഫിനൈലിന്റെ രൂക്ഷമായ മണം അനുഭവപ്പെട്ടു. ഉടന്‍ തന്നെ പച്ചക്കറികൾ പാകം ചെയ്തിരുന്ന പാത്രം പരിശോധിച്ചു. ഇതില്‍ നിന്ന് ഫിനൈലിന്‍റെ കൂടുതല്‍ മണം ഉണ്ടാകുന്നതായി റെസിഡൻഷ്യൽ സ്കൂൾ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. അധികൃതര്‍ ഇക്കാര്യം പോർട്ട-ക്യാബിൻ സൂപ്രണ്ട് ദുജാൽ പട്ടേലിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഭക്ഷണം കളയാന്‍ നിർദ്ദേശിക്കുകയും പിന്നീട് ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.
പോർട്ട-ക്യാബിനിലെ വിദ്യാർഥികൾക്കായി ഏകദേശം 48 കിലോ പച്ചക്കറിയാണ് പാകം ചെയ്തതെന്നും സമയത്ത് കണ്ടതിനാല്‍ ഫിനൈൽ കലർത്തിയ പച്ചക്കറി ഭക്ഷണം കഴിച്ചില്ലെന്നും ദുജാൽ പട്ടേൽ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുക്മ കലക്ടർ ദേവേഷ് കുമാർ ധ്രുവ് മൂന്നംഗ സമിതി രൂപീകരിച്ചു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പച്ചക്കറിയിൽ ഫിനൈൽ ദ്രാവകം കലർത്തിയതിൽ പോർട്ട-കാബിൻ ജീവനക്കാരന് പങ്കുണ്ടെന്നാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ പറയുന്നത്.
ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും സുക്മ കലക്ടർ ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കര്‍ശന നടപടിയെടുക്കുമെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് ഇന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16

