അൽ ഫലാഹ് സർവകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ വീട് പൊളിക്കുന്നത് തടഞ്ഞ് ഹൈക്കോടതി
വസതിയുടെ ഏത് ഭാഗമാണ് അനധികൃത നിർമാണമെന്ന് നോട്ടീസിൽ പറയുന്നില്ലെന്നും അങ്ങനെയൊന്ന് കണ്ടെത്താനായിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Photo| Special Arrangement
ഭോപ്പാൽ: ഹരിയാന ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് സിദ്ദിഖിയുടെ വീട് പൊളിക്കൽ നടപടികൾ താത്കാലികമായി തടഞ്ഞ് മധ്യപ്രദേശ് ഹൈക്കോടതി. ജവാദ് സിദ്ദിഖിയുടെ മൊവിലെ വസതി പൊളിക്കാനുള്ള മൊവ് കന്റോൺമെന്റ് ബോർഡിന്റെ എല്ലാ നടപടികളും 15 ദിവസത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ജവാദ് സിദ്ദിഖിയുടെ വീട്ടിൽ താമസിക്കുന്ന അബ്ദുൽ മജീദിന്റെ ഹരജിയിൽ വാദം കേൾക്കവെയാണ് കോടതി ഇടപെടൽ. 15 ദിവസത്തേക്ക് ഒരു തരത്തിലുമുള്ള പൊളിക്കൽ നടപടികളും പാടില്ലെന്ന് നിർദേശിച്ച കോടതി, അതിനുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. വസതിയുടെ ഏത് ഭാഗമാണ് അനധികൃത നിർമാണമെന്ന് ബോർഡ് പറയുന്നില്ലെന്നും അങ്ങനെയൊന്ന് കണ്ടെത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ബോർഡിന്റെ പൊളിക്കൽ നോട്ടീസിനെ മജീദ് വെല്ലുവിളിച്ചു.
നിലവിലെ സ്ഥലത്തിന്റെ അവസ്ഥയെ അടിസ്ഥാനമാക്കിയല്ല, 1996-97 കാലഘട്ടത്തിലെ രേഖകളെ അടിസ്ഥാനമാക്കിയാണ് നോട്ടീസ് നൽകിയതെന്നും നടപടിയെടുക്കാനുള്ള കാരണങ്ങൾ വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊളിക്കൽ നടപടികൾക്ക് സുപ്രിംകോടതി നിർബന്ധമാക്കിയ 2025ലെ മാർഗനിർദേശങ്ങൾ ബോർഡ് പാലിച്ചിട്ടില്ലെന്നും മജീദ് ചൂണ്ടിക്കാട്ടി.
പ്രസ്തുത വീട് ആദ്യം സിദ്ദിഖിയുടെ പിതാവ് ഹമ്മദ് സിദ്ദിഖിയുടേതായിരുന്നുവെന്നും പിന്നീട് അദ്ദേഹം അത് തന്റെ മകന് സമ്മാനമായി നൽകിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ജവാദ് സിദ്ദിഖി വർഷങ്ങളായി അവിടെ താമസിക്കുന്ന അബ്ദുൽ മജീദിന് സ്വത്ത് സമ്മാനമായി നൽകുകയായിരുന്നെന്നും ഹരജിയിൽ വ്യക്തമാക്കി. എന്നാൽ, കന്റോൺമെന്റ് ബോർഡ് മൂന്ന് ദിവസത്തെ അന്ത്യശാസനത്തോടെ പൊളിക്കൽ നോട്ടീസ് നൽകുകയായിരുന്നു.
ഹരജിയിലെ പ്രധാന കാര്യങ്ങൾ, നോട്ടീസിലെ വ്യക്തതയില്ലായ്മ, പതിറ്റാണ്ടുകൾ പഴക്കമുള്ള നടപടിക്രമങ്ങളെ ആശ്രയിക്കൽ, സുപ്രിംകോടതി മാർഗനിർദേശങ്ങൾ പാലിക്കാത്തത് എന്നിവ കണക്കിലെടുത്താണ് ഹൈക്കോടതി നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ജവാദ് സിദ്ദിഖിയെ ഈ മാസം 18ന് കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഫരീദ്ബാദിൽ നിന്നാണ് സിദിഖിയെ അറസ്റ്റ് ചെയ്തത്. അൽ ഫലാഹ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയ്ക്കു ശേഷമായിരുന്നു അറസ്റ്റ്. കോളജുകൾക്ക് നാക് അക്രിഡിറ്റേഷൻ ഉണ്ടെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ കുട്ടികളിൽ നിന്ന് ഫീസായി ഈടാക്കിയെന്നും ഈ തുക കുടുംബ ട്രസ്റ്റിലേക്ക് മാറ്റി എന്നുമാണ് ഇഡി ആരോപണം.
Adjust Story Font
16


